കോട്ടയം: കേന്ദ്രസർക്കാർ വിറ്റൊഴിയുന്ന കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള ടെൻഡർ നടപടികളുടെ അന്തിമറൗണ്ടിൽ കടന്നത് കിൻഫ്രയും തിരുനെൽവേലി സൺ പേപ്പർ മില്ലും മാത്രം. ഇരു കമ്പനികളും സമർപ്പിച്ച പദ്ധതി രൂപരേഖ ദേശീയ കമ്പനി ലാ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി) പരിശോധിക്കും. ഏറ്റവും മികച്ച പദ്ധതി സമർപ്പിച്ച കമ്പനിക്ക് ടെൻഡർ അനുവദിക്കും.
കിൻഫ്രയ്ക്ക് പുറമേ സംസ്ഥാനത്തിന്റെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എസ്.ഐ.ഡി.സി., മലബാർ സിമന്റ്സ് ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നിവയും ആദ്യം ടെൻഡറിൽ പങ്കെടുത്തിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ തമ്മിൽ മത്സരം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ കിൻഫ്രയെ മാത്രം നിലനിറുത്തി. ആവശ്യമായ തുക കിഫ്ബിയിൽ നിന്ന് കിൻഫ്രയ്ക്ക് അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
സൺപേപ്പർ മില്ലിന് പുറമേ മുംബയിലെ ഒരു സ്വകാര്യ കമ്പനിയും രംഗത്തുണ്ടായിരുന്നെങ്കിലും യോഗ്യത നേടിയില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ ഉപസ്ഥാപനമാണ് എച്ച്.എൻ.എൽ. 430 കോടിയോളം രൂപയുടെ കടബാദ്ധ്യത കമ്പനിക്കുണ്ട്. നഷ്ടം കൂടിയ പശ്ചാത്തലത്തിലാണ് വിറ്റൊഴിയാൻ കേന്ദ്രം തീരുമാനിച്ചത്. എച്ച്.എൻ.എല്ലിനെ പൊതുമേഖലയിൽ നിലനിറുത്തണമെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്.
25 കോടി രൂപയ്ക്ക് എച്ച്.എൻ.എല്ലിനെ ഏറ്റെടുക്കാൻ നേരത്തേ കേരളത്തിന് ട്രൈബ്യൂണൽ അനുമതി നൽകിയിരുന്നു. എന്നാൽ, ബാദ്ധ്യത വീട്ടുന്നതിൽ വ്യക്തതതേടി ബാങ്കുകൾ ട്രൈബ്യൂണലിനെ സമീപിച്ചതോടെ കേരളത്തിന് അനുവദിച്ച സമയത്ത് ഏറ്റെടുക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ്, പൊതുടെൻഡർ നടപടികളിലേക്ക് ട്രൈബ്യൂണൽ കടന്നത്. ബാങ്കുകളുടെ ബാദ്ധ്യത തീർപ്പാക്കിയശേഷമായിരിക്കും വില്പന പൂർത്തിയാക്കുക.
ലക്ഷ്യം അത്യാധുനിക
ഫാക്ടറി
അത്യാധുനിക ഫാക്ടറിയായി എച്ച്.എൻ.എല്ലിനെ പുനരുജ്ജീവിപ്പിക്കുകയാണ് തൊഴിലാളികളുടെ സ്വപ്നം. കിൻഫ്രയിലൂടെ ഇതു സാദ്ധ്യമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. 692 ഏക്കറിലെ 300 ഏക്കറിലാണ് അത്യാധുനിക പ്ളാന്റ് കിൻഫ്ര വിഭാവനം ചെയ്തിട്ടുള്ളത്. ബാക്കി ഭൂമിയിൽ റബർപാർക്ക് അടക്കം വിവിധ പദ്ധതികളും.