ആലപ്പുഴ: തമിഴ്നാട്ടിൽ നിന്നു വാഴക്കുല വണ്ടിയിൽ മയക്കുമരുന്ന് ഗുളിക കടത്തിയ കേസിലെ രണ്ടാം പ്രതിയായ ആലപ്പുഴ സ്വദേശിയെ എക്സൈസ് സംഘം അറസറ്റ് ചെയ്തു. അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിൽ കണ്ണിയായ ആലപ്പുഴ നഗരസഭ വെള്ളക്കിണർ വാർഡിൽ വള്ളക്കടവിൽ നഹാസിനെയാണ് (35) കൊല്ലം അസിസ്റ്റന്റ് എക്സസ് കമ്മിഷണർ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചക്ക് 12.30ന് കൊല്ലം അസിസ്റ്റന്റ് എക്സസ് കമ്മിഷണർ ഓഫീസൽ വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. കേസിലെ പ്രതിയും വാഴക്കല വാഹനത്തിൻറ്റെ ഡ്രൈവറുമായ സെന്തിലിനെ (26) അറസ്റ്റ് ചെയ്തിരുന്നു. കേസിലെ കണ്ണികളായ ആലപ്പുഴ സ്വദേശികളായ നാലുപേരും തമിഴ്നാട് സ്വദേശികളായ മൂന്നുപേരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 13ന് ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിലെ സർക്കിൾ ഇൻസ്പെക്ടർ ബിനുവും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് സംസ്ഥാനത്തേക്ക് വാഴക്കുലയുമായി എത്തിയ വാഹനത്തിൽ കുലകൾക്കിടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന മാരക മയക്കുമരുന്ന് ഇനത്തിൽപെട്ട 864 ട്രമഡോൾ ഗുളികകൾ പിടിച്ചെടുത്തത്. അറസ്റ്റിലായ ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് ആലപ്പുഴ സ്വദേശി ഉൾപ്പെട്ട വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. 2016 മുതൽ കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുള്ളതും മാരകമായതുമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ടതാണ് ട്രമഡോൾ ഗുളികകൾ.
കൊല്ലം അസിസ്റ്റന്റ് എക്സസ് കമ്മിഷണണർ ബി. സുരേഷിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള വൻ ലഹരിമരുന്ന് റാക്കറ്റ് ആണ് ഈ മയക്കുമരുന്ന് കടത്ത് സംഘത്തിന് പിന്നിൽ ഉള്ളതെന്ന് തുടക്കത്തിൽത്തന്നെ ബോദ്ധ്യമായിരുന്നു. തൊണ്ടിമുതലുകൾ കടത്താൻ ഉപയോഗിച്ച വാഹനത്തിന്റെ ഉടമ, പ്രതി സെന്തിൽ എന്നിവരുടെ ഫോൺ കാളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിലെ കണ്ണികളെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചത്. പന്ത്രണ്ടോളം സി.സി.ടി.വി ദൃശ്യങ്ങളും മുപ്പതോളം ഫോൺകോളുകളും എക്സൈസ് സംഘം പരിശോധിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഹാസിന് പങ്കുള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ആലപ്പുഴയിൽ എത്തിയെങ്കിലും നഹാസിനെ കണ്ടെത്താനായില്ല.നഹാസ് ഇന്നലെ ഹാജരാകൻ ബന്ധുക്കൾക്ക് നോട്ടീസ് നൽകിയാണ് സംഘം മടങ്ങിയത്. ഇന്നലെ സുഹൃത്തുക്കളുമായി എത്തിയ സഹാസിൻറ്റെ മൊഴിയും സംഘത്തിന് ലഭിച്ച വിവരങ്ങളും വച്ച് നടത്തിയ ചോദ്യം ചെയ്യലിൽ നഹാസ് കുറ്റം സമ്മതിക്കുകയായിരുന്നു.
കടത്തു തുടങ്ങിയിട്ട് ഒരു വർഷം
കഴിഞ്ഞ ഒരുവർഷമായി നഹാസും മറ്റുചിലരുമായി ചേർന്ന് തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് ലഹരി ഗുളികകൾ കടത്തുന്നുണ്ട്. ലോക്ക് ഡൗൺ ആരംഭിച്ചതോടെ അന്തർസംസ്ഥാന യാത്ര മുടങ്ങിയതിനാൽ തമിഴ്നാട്ടിൽ പോയി ഗുളികകൾ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രതിയും സുഹൃത്തും കൂടിയാണ് വാഴക്കുല തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് എത്തിക്കുന്ന ആളിനെ പരിചയപ്പെടുന്നത്. തുടർന്ന് തമിഴ്നാട്ടിലെ മെഡിക്കൽ സ്റ്റോറുകാരൻ വഴി കേരളത്തിലേക്ക് വൻതോതിൽ ലഹരി ഗുളികകൾ കടത്താൻ തുടങ്ങി. പ്രതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിരവധിതവണ തമിഴ്നാട് സ്വദേശിക്ക് പണം ട്രാൻസ്ഫർ ചെയ്തുകൊടുത്ത രേഖകളും എക്സൈസ് കണ്ടെത്തി. വൻതോതിൽ ലഹരി ഗുളികകൾ എത്തിച്ചിരുന്ന തമിഴ്നാട് സ്വദേശിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ എക്സൈസ് സംഘത്തിന് ലഭിച്ചു.
നഹാസ് മയക്കുമരുന്ന് അടിമ
കഴിഞ്ഞ നാലുമാസത്തിനുള്ളിൽ നാലുതവണ വൻതോതിൽ ലഹരി ഗുളികകൾ കടത്തിയിട്ടുണ്ട്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളും ആലപ്പുഴ ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളും അന്വേഷണസംഘത്തിന് വെല്ലുവിളിയായിരുന്നു. കോളേജിൽ പഠിയ്ക്കുന്ന കാലം മുതൽ പ്രതി നഹാസ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. രണ്ടുതവണ ഡി അഡിക്ഷന് വിധേയനാക്കിയിട്ടുണ്ട്. കായംകുളം, പുനലൂർ, തെൻമല എന്നിവിടങ്ങളിൽ വച്ച് ഗുളികകൾ കൈമാറ്റം ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ എക്സൈസ് സംഘം പരിശോധിച്ചിരുന്നു. ബി.സുരേഷിനോടൊപ്പം ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ഓഫീസർമാരായ അലക്സ്, ഗിരീഷ്, സിവിൽ എക്സൈസ് ഓഫീസർ ക്രിസ്റ്റിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി ശശി, ബീന, എക്സൈസ് ഷാഡോ സംഘാംഗങ്ങളായ അശ്വന്ത്, എസ്.സുന്ദരം, അരുൺവിജയ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.