തിരുവനന്തപുരം: 'ബിരിയാണി" എന്ന ചിത്രത്തിലെ പ്രകടനത്തിന് സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്കാരം കനി കുസൃതിക്ക് ലഭിച്ചു. പ്രശസ്ത അഫ്ഗാനിസ്ഥാൻ നടി ലീന അലാമും കസാക്കിസ്ഥാൻ സിനിമ നിർമ്മാതാവായ ഓൾഗ കലഷേവയും അംഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്. സജിൻ ബാബുവാണ് 'ബിരിയാണി" സംവിധാനം ചെയ്തത്.
റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ ' ബിരിയാണി" വേൾഡ് പ്രീമിയറായി പ്രദർശിപ്പിച്ചിരുന്നു. അവിടെ മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്കാരവും നേടിയിരുന്നു. ബംഗളൂരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം, 42-ാമത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിലേക്കും, അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
യു.എ.എൻ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ബിരിയാണിയുടെ ഛായാഗ്രഹണം കാർത്തിക് മുത്തുകുമാറാണ് നിർവഹിച്ചത്. എഡിറ്റർ അപ്പു എൻ. ഭട്ടതിരി, സംഗീതം ലിയോ ടോം.