ന്യൂഡൽഹി: സാമൂഹ്യ തിന്മകൾക്കെതിരെ സന്ധിയില്ലാതെ ജീവിതകാലം മുഴുവൻ പോരാടിയ ആര്യസമാജത്തിലെ മുൻ സന്യാസിയും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. ഡൽഹി ലിവർ ആന്റ് ബൈലറി ഇൻസ്റ്റിറ്റ്യൂട്ടിൽ കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ രോഗനില വഷളാകുകയും രാത്രിയോടെ അന്ത്യം സംഭവിക്കുകയും ചെയ്തു.
പുരോഗമനാശയങ്ങളെ പിന്തുണച്ച് നിരന്തരം യാത്രയിലായിരുന്ന അദ്ദേഹം കേരളത്തിൽ പലവട്ടം എത്തിയിട്ടുണ്ട്.ഡൽഹി ജന്തർ മന്ദിർ റോഡിലെ ഓഫീസിനോട് ചേർന്നായിരുന്നു താമസം.
ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം സന്യാസ ജീവിതം സ്വീകരിക്കുകയായിരുന്നു. കോളേജ് അദ്ധ്യാപകനായും അഭിഭാഷകനായും പ്രവർത്തിച്ച ശേഷമാണ് പൊതുപ്രവർത്തനം തുടങ്ങിയത്. ആര്യസമാജത്തിൽ ചേർന്നശേഷംം ആര്യസഭ എന്ന സ്വന്തം രാഷ്ട്രീയ പാർട്ടിയിലൂടെ 1977ൽ ഹരിയാനയിൽ എം.എൽ.എയും വിദ്യാഭ്യാസ മന്ത്രിയുമായി. മന്ത്രിപദം ഉപേക്ഷിച്ചാണ് ബോണ്ടണ്ട് ലേബർ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടന രൂപീകരിച്ച് ഡൽഹിയിലെ ക്വാറികളിലും മറ്റും ബോണ്ട് വാങ്ങി അടിമപ്പണി ചെയ്യിക്കുന്നതിനെതിരെ സമരം തുടങ്ങിയത്. ഇതാേടെ സാമൂഹ്യപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായി. ഭ്രൂണഹത്യയ്ക്കെതിരെയും രാജ്യവ്യാപകമായി പ്രചാരണം നടത്തി.
ആര്യസമാജം ലോക കൗൺസിൽ അദ്ധ്യക്ഷനായിരുന്നെങ്കിലും പിന്നീട് ഹിന്ദുമതത്തിനെതിരെ നടത്തിയ പ്രസ്താവനകളിലൂടെ ഹൈന്ദവ സംഘടനകളുടെ കണ്ണിലെ കരടായി. ആര്യസമാജം അദ്ദേഹത്തെ പുറത്താക്കി. നിരവധി തവണ കൈയേറ്റത്തിനിരയായി.
മാവോയിസ്റ്റ് സംഘടനകളുമായുള്ള ബന്ധം കണക്കിലെടുത്ത് അഞ്ച് പൊലീസുകാരുടെ മോചനത്തിന് യു.പി.എ ഭരണകാലത്ത് കോൺഗ്രസ് സർക്കാർ മധ്യസ്ഥചർച്ചയ്ക്ക് നിയോഗിച്ചിരുന്നു. അന്നാഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നെങ്കിലും അതിനെ പിളർത്താൻ ശ്രമിച്ചെന്ന ആരോപണവും നേരിട്ടു.