കാസർകോട്: എം.സി. ഖമറുദീൻ എം.എൽ.എ പ്രതിയായ ജുവലറി നിക്ഷേപ ഇടപാട് കേസിൽ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ച സമവായ നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് നിക്ഷേപകർ. കേസുകളുണ്ടായപ്പോൾ നാലുമാസം കൊണ്ട് പണം കൊടുക്കുമെന്ന് എം.എൽ.എ പറഞ്ഞിരുന്നു. ആറുമാസം കൊണ്ട് പണം മുഴുവൻ കൊടുക്കാനാണ് ലീഗ് നേതൃത്വം നിർദ്ദേശിച്ചത്. ഇതു കബളിപ്പിക്കാനാണെന്നും ആറുമാസം കഴിഞ്ഞ് പണം കിട്ടുമെന്ന് എന്ത് ഉറപ്പാണുള്ളതെന്നും നിക്ഷേപകർ ചോദിക്കുന്നു.
ലീഗിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാനാകില്ലെന്നും അത് തിരഞ്ഞെടുപ്പിന് മുമ്പായി പ്രശ്നങ്ങൾ ഒതുക്കാനാണെന്നും നിക്ഷേപകർ പറയുന്നു. കേസുമായി മുന്നോട്ടുപോകുമെന്നും ചെറുവത്തൂർ കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂറും പടന്നയിലെ നസീമയും ഷംസുദീനും പറയുന്നു.
30നകം നിക്ഷപകരുടെ ആസ്തി വിവരങ്ങൾ പാർട്ടിക്ക് കൈമാറണമെന്നാണ് ലീഗിന്റെ നിർദ്ദേശം. ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി മദ്ധ്യസ്ഥത വഹിക്കും. എത്ര കടമുണ്ടെന്നും ആസ്തിയുണ്ടെന്നും ഖമറുദീന് ലീഗ് ട്രഷററെ അറിയിക്കണം.
മൂന്ന് കേസുകൾ കൂടി
തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ കൂടി ചന്തേര പൊലീസ് രജിസ്റ്റർ ചെയ്തു. 68 ലക്ഷം നൽകിയ ബീച്ചാരക്കടവിലെ തളിയില്ലത്ത് ഇബ്രാഹിം, 11 ലക്ഷം നൽകിയ പടന്ന കാവുന്തലയിലെ എം.പി. നൂറുദ്ദീൻ, ഭാര്യ വി.കെ.പി. മിസ്രിയ, 9 ലക്ഷം നൽകിയ വെള്ളൂർ കണിയേരിയിലെ ഫാസില എന്നിവരുടെ പരാതിയിൽ എം.ഡി ടി.കെ. പൂക്കോയ തങ്ങളുടെ പേരിലാണ് കേസെടുത്തത്. ഇതോടെ പരാതിക്കാരുടെ എണ്ണം 36 ആയിട്ടുണ്ട്. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്.പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസുകൾ ഉടൻ ഏറ്റെടുക്കും.
'ജീവനാംശം കിട്ടിയ പണമാണ് ജുവലറിയിൽ നിക്ഷേപിച്ചത്. പണം കിട്ടിയപ്പോൾ നിരന്തരം ഫോൺ ചെയ്താണ് ചതിയിൽ വീഴ്ത്തിയത്. നൂറു രൂപയുടെ ഒരു മുദ്രപത്രവും കാർഡുമാണ് എനിക്ക് തന്നത്. എനിക്ക് രണ്ട് പെൺമക്കളാണ്. ജീവിതം വഴിയാധാരമായി. 10 മാസം കാത്തിരുന്നു. ആറു മാസം കൊണ്ട് കൊടുക്കുമെന്ന് എന്താണുറപ്പ്".
- നസീമ പടന്ന, ക്ഷേപക