തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയവഴി സർക്കാരിന്റെ വികസന,ക്ഷേമപ്രവർത്തനങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാനും പ്രതിഛായ സൃഷ്ടിക്കാനും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയെ നിയോഗിക്കാൻ തീരുമാനം. പി.ആർ.ഡിയുടെ സോഷ്യൽ മീഡിയയുടെ ഭാഗമായിട്ടായിരിക്കും ഏജൻസി പ്രവർത്തിക്കുന്നത്.
തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് ഈ നീക്കം.
അപേക്ഷകൾ വിലയിരുത്തി യോഗ്യതയുള്ളവയെ കണ്ടെത്താൻ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു.
വിവര-പൊതുസമ്പർക്ക വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനും ഡയറക്ടർ കൺവീനറുമായ സമിതിയിൽ ധനകാര്യ എക്സ്പൻഡിച്ചർ സെക്രട്ടറി, ഐ.ടി സെക്രട്ടറി, കിഫ്ബി സി.ഇ.ഒ അല്ലെങ്കിൽ പ്രതിനിധി എന്നിവർ അംഗങ്ങളാണ്.
വികസനം ഉയർത്തിക്കാട്ടി വിവാദങ്ങളെ അതിജീവിക്കാനാണ് സർക്കാർ ശ്രമം. തിരുവോണത്തിന്റെ തലേന്ന് മുഖ്യമന്ത്രി നൂറുദിന കർമ്മപദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും.
സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്താനുള്ള വഴികൾ തേടി
മുഖ്യമന്ത്രി ഈ മാസം എട്ടിന് യോഗം വിളിച്ചിരുന്നു.
തുടർന്നാണ് ഉള്ളടക്കം തയ്യാറാക്കൽ, രൂപകല്പന, ഡിജിറ്റൽ പ്രമോഷൻ, സോഷ്യൽ മീഡിയ ഔട്ട് റീച്ച്, മീഡിയ ട്രാക്കിംഗ് ആന്റ് റിപ്പോർട്ടിംഗ് തുടങ്ങിയവയ്ക്കായി സ്വകാര്യ ഏജൻസിയുടെ സേവനം തേടാൻ തീരുമാനിച്ചത്.