തിരുവനന്തപുരം: നെൽകൃഷി ചെയ്യാവുന്ന വിധത്തിൽ വയലുകളെ സംരക്ഷിക്കുന്ന ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച റോയൽറ്റിക്ക് ആദ്യ ദിവസം അപേക്ഷിച്ചത് 35 കർഷകർ. ഹെക്ടറിന് പ്രതിവർഷം രണ്ടായിരം രൂപയാണ് ലഭിക്കുന്നത്.40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 70,000ൽപ്പരം കർഷകർക്ക് അർഹതയുണ്ടെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ കൃഷി ഓഫീസർമാർ നേരിട്ട് വയലുടമകളെ കണ്ടെത്തി അപേക്ഷ വാങ്ങും. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ചുവരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും.
നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂഉടമകളെല്ലാം അർഹരാണ്. വയലുകളുടെ അടിസ്ഥാന സ്വഭാവം മാറ്റാതെ പയർ, പച്ചക്കറികൾ ,എള്ള് ,നിലക്കടല തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്ന ഉടമകൾക്കും റോയൽറ്റി ലഭിക്കും. വയലുകൾ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകൾ സ്വന്തമായോ,മറ്റാരെങ്കിലും മുഖേനയോ നെൽകൃഷിക്കായി ഉപയോഗപ്പെടുത്തിയാലും റോയൽറ്റി ലഭിക്കും
അപേക്ഷ ഇങ്ങനെ
കരമടച്ച രസീത്, ആധാർ അല്ലെങ്കിൽ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ ,ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ഓൺലൈനായി സമർപ്പിക്കണം .aims.kerala.gov.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ ഓൺലൈനായി അപേക്ഷിക്കാം .