സുൽത്താൻ ബത്തേരി: ഗ്രീൻ സിറ്റി,ക്ലീൻ സിറ്റി, ഫ്ളവർ സിറ്റി എന്ന നഗരസഭയുടെ ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി ബത്തേരി പട്ടണത്തിൽ പൂച്ചെടികൾ എല്ലായിടത്തും സ്ഥപിച്ചതോടെ നഗരം പൂക്കളുടെ നഗരമായി മാറി. നഗര ശുചീകരണത്തോടൊപ്പം നഗരസൗന്ദര്യവൽക്കരണവും ലക്ഷ്യമാക്കിയാണ് പൂച്ചെടികൾ വെച്ചുപിടിപ്പിച്ചത്. മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് നഗരം പൂച്ചെടികൾകൊണ്ട് മനോഹരമാക്കിയത്.
നഗരസൗന്ദര്യവൽക്കരണത്തിന്റെ ആദ്യഘട്ടത്തിൽ വ്യാപാരികളുടെയും മറ്റ് സന്നദ്ധ സംഘടനകൾ വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ പട്ടണത്തിലെ ഫുട്പാത്ത് കൈവരികളിൽ പൂച്ചെടികൾ വെച്ച് പിടിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയത്തിലും കടുത്തവേനൽ ചൂടിലുംപെട്ട് പൂച്ചെടികളിൽ കുറെ എണ്ണം നശിച്ചുപോയി. തുടർന്ന് 2019-2020 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി 3 ലക്ഷം രൂപ പുതിയ ചെടികൾ വെക്കുന്നതിനായി വകയിരുത്തി. കൽപ്പറ്റയിലെ ഒരു സ്വകാര്യ നഴ്സറിയാണ് പട്ടണത്തിലുടനീളം ചെടികൾ വെച്ച് പിടിപ്പിച്ചത്.
പട്ടണത്തിലെ റോഡിന് ഇരുഭാഗത്തുമുള്ള ഫുട്പാത്ത് കൈവരികളിലാണ് പൂച്ചട്ടികളിലായി ചെടികൾ പിടിപ്പിച്ചിരിക്കുന്നത്. ബത്തേരിയിലെത്തുന്നവരുടെ മനസിന് കുളിർമയേകുന്ന കാഴ്ചയാണ് റോഡിനിരുഭാഗത്തുമുള്ള പൂച്ചെടികൾ.
നഗരസഭയുടെ പ്രവേശന കവാടത്തിലും നഗരസഭയുടെ പരിധി അവസാനിക്കുന്നിടത്തും ദേശീയ പാതയിൽ പൂക്കളുടെ നഗരത്തിലേക്ക് സ്വാഗതമോതികൊണ്ട് കമാനങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമവും നടന്നുവരുന്നു.
പുതുതായി തുറന്ന രാജീവ് ഗാന്ധി ബൈപാസ്റോഡിന്റെ ഇരുഭാഗങ്ങളിലും പുഷ്പചെടികൾ വെക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.