തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലെ 40 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് 957.11 കോടി രൂപ സ്കോളർഷിപ്പ് നൽകി. 2014-15 മുതൽ 2019-20 വരെയുള്ള കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്. മുസ്ലിം,ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്ര് ജൈന,പാഴ്സി വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കാണ് ഇത് നൽകിയത്.35,48,841 വിദ്യാർത്ഥികൾക്കാണ് പ്രീമെരിറ്ര് സ്കോളർഷിപ്പ് നൽകിയത്. പ്രവേശന ഫീസായി 500 രൂപയും അഞ്ച് മുതൽ പത്ത് ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിമാസം 350 രൂപയും നൽകുന്നുണ്ട്. ഇതുകൂടാതെ മെയിന്റൻസ് അലവൻസായി പ്രതിമാസം 100 രൂപയും ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 500 രൂപയും നൽകും. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 413 കോടി രൂപയാണ് ഈയിനത്തിൽ നൽകിയത്. കിട്ടിയവരിൽ 55 ശതമാനത്തോളം പെൺകുട്ടികളാണെന്നും മന്ത്രാലയം അറിയിച്ചു. ഏറ്രവും അവസാനത്തെ വർഷം എട്ട് സിഖ് , രണ്ട് ബുദ്ധിസ്റ്റ്, 50 ജൈൻ, ഒരു പാർസി വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് നൽകുന്ന പോസ്റ്ര് മെട്രിക് സ്കോളർഷിപ്പ് 3,83,227 പേർക്കാണ് നൽകിയത്. ഈ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 7000 രൂപയും വൊക്കേഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 10,000 രൂപയുമാണ് സ്കോളർഷിപ്പ് നൽകുക. ഇതുകൂടാതെ മെയിന്റൻസ് അലവൻസായി പ്രതിമാസം 230 രൂപയും ഹോസ്റ്രലിൽ താമസിക്കുന്നവർക്ക് പ്രതിമാസം 380 രൂപയും നൽകും.168.53 കോടി രൂപയാണ് ഇവർക്കായി കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നൽകിയത്. 2019-20ൽ പോസ്റ്ര് മെട്രിക് സ്കോളർഷിപ്പ് ലഭിച്ചവരിൽ ഒരു ബുദ്ധിസ്റ്രും അഞ്ച് ജൈന വിദ്യാർത്ഥികളുമുണ്ട്.
ഇതുകൂടാതെ കോളേജുകളിൽ പഠിക്കുന്നവർക്ക് പ്രതിവർഷം 20,000 രൂപയും പ്രതിമാസം 500 രൂപയും നൽകും. ഹോസ്റ്രലിൽ താമസിക്കുന്നവർക്ക് പ്രതിമാസം 1,000 രൂപയും നൽകും. 1,36,796 വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിച്ചത്. ഇവർക്കായി 375.49 കോടി രൂപയും നൽകി. ജൂനിയർ റിസർച്ച് ഫെലോയ്ക്ക് പ്രതിവർഷം 25,000 രൂപയും സീനിയർ റിസർച്ച് ഫെലോയ്ക്ക് 28,000 രൂപയും നൽകി. അഞ്ചു വർഷം കൊണ്ട് 313 വിദ്യാർത്ഥികൾക്ക് മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പും നൽകുന്നുണ്ട്.