വിക്ടോറിയ അസരങ്കയും നവോമി ഒസാക്കയും യു.എസ്. ഓപ്പൺ ഫൈനലിൽ
ന്യൂയോർക്ക്: ഇരുപത്തിനാലാം ഗ്രാൻഡ് സ്ലാം കിരീടമെന്ന ലക്ഷ്യവുമായെത്തിയ സെറീന വില്യംസിനെ തോൽപ്പിച്ച് വിക്ടോറിയ അസരങ്കയും വിസ്മയ താരം ജെന്നിഫർ ബ്രാഡിയുടെ വെല്ലുവിളി മറികടന്ന് നവോമി ഒസാക്കയും യു.എസ്. ഓപ്പൺ ഗ്രാൻഡ്സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ഫൈനലിൽ എത്തി. അമ്മയായ ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയവർ തമ്മിലുള്ള പോരാട്ടമെന്ന നിലയിൽ വാർത്താ പ്രാധാന്യം നേടിയ സെമി ഫൈനലിൽ ആദ്യ സെറ്റ് നഷ്ടമാക്കിയ ശേഷമായിരുന്നു അടുത്ത രണ്ട് സെറ്രും സ്വന്തമാക്കി അസരങ്ക സെറീനയെ മറികടന്നത്. ഇടത് കണങ്കാലിലെ പരിക്കിന്റെ ശല്യവും സെറീനയ്ക്ക് തിരിച്ചടിയായി. 1-6, 6-3,6-3നാണ് സെറീനയ്ക്കെതിരെ അസരങ്കയുടെ വിജയം.
സെമിയിൽ അമേരിക്കൻ വിസ്മയ താരം ജെന്നിഫർ ബ്രാഡിക്കെതിരെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ജാപ്പനീസ് സെൻസേഷൻ ഒസാക്ക വിജയം സ്വന്തമാക്കിയത്. ടൈബ്രേക്കറോളം നീണ്ട ആദ്യ സെറ്റ് സ്വന്തമാക്കിയെങ്കിലും അടുത്ത സെറ്റ് തട്ടിയെടുത്ത് ബ്രാഡി ഒസാക്കയെ ഞെട്ടിച്ചു. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ഒസാക്ക മത്സരം സ്വന്തമാക്കുകയായിരുന്നു.
സ്കോർ: 7-6 (1), 3-6, 6-3. ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും തോൽക്കാതെയാണ് ബ്രാഡി തന്റെ ആദ്യ ഗ്രാൻസ്ലാം സെമിക്ക്
യോഗ്യത നേടിയത്.
കഴിഞ്ഞ ഏഴു വർഷത്തിനിടെ അസരങ്കയുടെ ആദ്യ ഗ്രാൻസ്ലാം സെമിയായിരുന്നു ഇത്തവണത്തേത്.
എത്തിയിരിക്കുന്നത് മൂന്നാം യു.എസ് ഓപ്പൺ ഫൈനലിൽ
കഴിഞ്ഞ രണ്ടു തവണയും സെറീനയോട് പരാജയപ്പെട്ടിരുന്നു
ആസ്ട്രേലിയൻ ഓപ്പൺ രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്
2018ലെ യു.എസ് ഓപ്പൺ ചാമ്പ്യനാണ് ഒസാക്ക. അന്ന് സെറീനയെയാണ് തോൽപ്പിച്ചത്.
2019ലെ ആസ്ട്രേലിയൻ ഓപ്പണും ഒസാക്ക സ്വന്തമാക്കിയിട്ടുണ്ട്.