വലിയ തരം സ്റ്റേജുകളിൽ പ്രത്യേകിച്ച് നാടകങ്ങൾക്ക് കർട്ടനുകൾ ആവശ്യമാണ്. കാലം വളരെ മാറി, സിനിമയും അതിന്റെ പ്രൊജക്ഷനും ഡിജിറ്റലായെങ്കിലും ഇന്നും പല തീയേറ്ററുകളിലും ഈ കർട്ടനുകൾ ഉണ്ട്. തീയേറ്ററുകളിൽ മാത്രമല്ല, വീടുകൾക്കുള്ളിലും കതകുകൾക്കും ജനലുകൾക്കും ഒക്കെ ഇന്ന് പലതരത്തിലുള്ള ആഡംബരകർട്ടനുകൾ വരെ ഉപയോഗിക്കുന്നു. ഇത് പട്ടുപോലെയുള്ളതും തീരെ മൃദുലവും മിനുസവുമായ ഒരു കൊച്ചു കർട്ടന്റെ കാര്യമാണ്. മാക്രോ ഫോട്ടോയുടെ വിശേഷങ്ങൾ ഇടയ്ക്ക് സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും പറയട്ടെ ഫോട്ടോഗ്രാഫിയിലെ ഒരു മാജിക് വേർഷനാണ് ഇതെന്ന് പറയാം. അത്രത്തോളം ആകാംക്ഷയും ജിജ്ഞാസയും ആൾക്കാരിലുണ്ടാക്കുന്ന ഒരിനമാണ് ഇത്. എന്നുവിചാരിച്ച് ഫോട്ടോ ഷോപ്പാണെന്നു കരുതേണ്ട. ചില പ്രത്യേക റിസർച്ച് ആവശ്യങ്ങൾക്കും മെഡിക്കൽ ഫോട്ടോഗ്രാഫിക്കും അത്യന്താപേക്ഷിതമായ ഒന്നാണ് മാക്രോ ഫോട്ടോകൾ. പലപ്പോഴും നമ്മുടെ കാഴ്ചയെയും ഓർമ്മശക്തിയുടെ കഴിവിനെയും ടെസ്റ്റു ചെയ്യാനുപകരിക്കുന്ന ഒന്നുകൂടിയാണിത്. നമുക്ക് സുപരിചിതമായതും നിത്യേന കാണുന്നതുമൊക്കെയാണെങ്കിലും അവയിൽ പലതിന്റെയും മാക്രോഫോട്ടോ നമ്മളിൽ അത്ഭുതമുളവാക്കും! ചിലപ്പോൾ എന്താണ് അതെന്ന് ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാൻ പോലും കഴിഞ്ഞില്ലെന്നും വരാം. എല്ലാവരും ഇഷ്ടപ്പെടുന്ന ആ മാക്രോ ഫോട്ടോഗ്രാഫിയിൽ പെടുന്ന ഒന്നിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
കണ്ടാൽ പട്ടുപോലെ തോന്നിക്കുന്ന ഞൊറിവുള്ള നല്ല കളർഫുള്ളായ ഒരു കർട്ടൻ! ഇനി ഇതെന്താണെന്നും ഇതെങ്ങനെ എടുത്തതെന്നും പറയാം. ഞാൻ ഒരു പാർക്കിന്റെ വശത്തുകൂടി നടന്നു വരുമ്പോൾ പൂവിലിരുന്നു തേൻകുടിക്കാൻ ശ്രമിക്കുന്ന ഒരു ചിത്രശലഭത്തെ കണ്ടു. വേഗം തന്നെ കാമറയിൽ മാക്രോ ലെൻസ് ഫിറ്റുചെയ്തു. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് അത് പെട്ടെന്ന് മാറിയെങ്കിലും ഞാൻ പിന്തുടർന്നു. ഇത്തരം പ്രാണികളുടെ ചിത്രമെടുക്കുക കുറെ ശ്രമകരമാണ്. ഭംഗിയും നല്ല നിറവുമുള്ള അതിന്റെ ചിറകിന്റെ മാക്രോ ഷോട്ടായിരുന്നു ഞാനുദ്ദേശിച്ചത്. ഇതിനകം തന്നെ അത് ഒരു പൂവിലിരുന്നു തേൻ കുടിക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു. അതുപറന്നു പോകുന്നതിന് മുമ്പ് പട്ടുപോലെ മൃദുലവും മനോഹരവുമായ ആ ചിറകുകളുടെ രണ്ടുമൂന്നു പടങ്ങൾ വേഗമെടുത്തു. അതിൽ ഒന്നാണ് ഇത്. മറ്റുള്ളവ ഗെറ്റി ഇമേജസിന്റെ വിദേശ രാജ്യങ്ങളിലെ സൈറ്റുകളിൽ കാണാം.