വൈപ്പിൻ : കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട മുമ്പം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോകാൻ ബോട്ടുകൾക്ക് അനുമതി. ഒറ്റ ഇരട്ട നമ്പറുകൾ അനുസരിച്ചാകും മത്സ്യബന്ധനതിന് പോകാൻ കഴിയൂ. ഇതിനായി നാളെ മുതൽ പാസ് വിതരണം ചെയ്യും. കാലാവസ്ഥ മുന്നറിയിപ്പ് കൂടി പാലിക്കണം.
കഴിഞ്ഞ ദിവസമാണ് പ്രദേശം അടച്ച് പൂട്ടിയത്. ഇതിന് മുമ്പേ ഇരു ഹാർബറുകളും ജില്ലാ ഭരണകൂടം അടച്ച് പൂട്ടിയിരുന്നു. അടച്ചിട്ടിരിക്കുന്ന മുനമ്പം ഹാർബറുകൾ 19 മുതൽ തുടർന്ന് പ്രവർത്തിക്കും. ഹാർബർ മനേജ്മെന്റ് ഗവേണിംഗ് ബോഡി ഓൺലൈൻ യോഗം ചേർന്നെടുത്ത തീരുമാനം ജില്ലാ കളക്ടർ അംഗീകരിച്ചതോടെയാണ് അനുമതിയായതെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ മാജ ജോസ് അറിയിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ മുനമ്പം മാതൃക ഹാർബറിൽ ഒരു സമയം ഇനി മുതൽ മുപ്പത് ബോട്ടുകൾക്ക് മാത്രമേ ഒരേ സമയം അടുക്കാൻ അനുവാദമുള്ളു. നേരത്തെ ഇത് 50 ആയിരുന്നു. രോഗ വ്യാപനം നിലനിൽക്കുന്നതിനാലാണ് ബോട്ടുകളുടെ എണ്ണം കുറച്ചത്. ഹാർബറിലെ തരകന് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയത്.