SignIn
Kerala Kaumudi Online
Wednesday, 12 May 2021 1.22 AM IST

നിർഭാഗ്യകരമായ മൂല്യത്തകർച്ച

k-t-jaleel

നയതന്ത്ര ചാനൽ വഴി നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. കെ.ടി. ജലീലിനെ ഇക്കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടുമണിക്കൂറോളം ചോദ്യം ചെയ്ത സംഭവം സംസ്ഥാനം ചെന്നെത്തിനിൽക്കുന്ന അതീവ നിർഭാഗ്യകരമായ മൂല്യത്തകർച്ചയിലേക്കാണു വെളിച്ചം വീശുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇന്നോളം ഒരു മന്ത്രിയും ഇതുപോലുള്ള കേന്ദ്ര അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകേണ്ടിവന്നിട്ടില്ല. മന്ത്രി വാഹനം വഴിയിൽ ഉപേക്ഷിച്ച് സ്വകാര്യ കാറിൽ ആരുമറിയാതെയാണ് അന്വേഷണ സംഘത്തിന്റെ മുന്നിലെത്തിയതെങ്കിലും വിവരം പാട്ടാകാൻ അധിക സമയം വേണ്ടിവന്നില്ല. എത്ര ഒളിച്ചാലും മൂടിവയ്ക്കാൻ ശ്രമിച്ചാലും ഇത്തരം രഹസ്യങ്ങൾ ജനശ്രദ്ധയിൽ വരാൻ ഇന്നത്തെ കാലത്ത് നിമിഷങ്ങൾ മതി.

കഴിഞ്ഞ രണ്ടുമാസത്തിലധികമായി സംസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച സ്വർണക്കടത്തുകേസിലെ പ്രതികളിൽ ചിലരുമായുള്ള മന്ത്രി ജലീലിന്റെ ബന്ധത്തെക്കുറിച്ചും നയതന്ത്ര കോൺസുലേറ്റിന്റെ പേരിൽ വന്ന പാഴ്‌സലിന്റെ ഉള്ളടക്കം സംബന്ധിച്ചുയർന്ന വിവാദങ്ങളെക്കുറിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ച വിവരങ്ങളുടെ കൃത്യത തേടിയാണ് മന്ത്രിയെ കൊച്ചിയിൽ വിളിപ്പിച്ച് ചോദ്യം ചെയ്തത്. ആരോപിക്കപ്പെടുന്ന കാര്യങ്ങളുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന മുൻ നിലപാടിൽ മന്ത്രി ഉറച്ചുനിൽക്കുകയാണെങ്കിലും കേവലം നിഷേധ പ്രസ്താവനകളിലൂടെ ഒഴിഞ്ഞുപോകുന്നതല്ല ജനമനസുകളിൽ ഇതുസംബന്ധിച്ചു കടന്നുകൂടിയിരിക്കുന്ന സംശയങ്ങൾ. സത്യമേ ജയിക്കൂ, സത്യം മാത്രം എന്ന് മന്ത്രി ആണയിട്ടതു കൊണ്ടായില്ല. സത്യമാണെന്ന ബോദ്ധ്യം അതു കേട്ടുനിൽക്കുന്നവർക്കും ഉണ്ടാകണം. അതിന് എന്തുചെയ്യാനാകുമെന്ന് തീരുമാനമെടുക്കേണ്ടത് മന്ത്രി തന്നെയാണ്. ഇതാദ്യമൊന്നുമല്ല മന്ത്രി ജലീൽ വിവാദങ്ങളിൽപ്പെടുന്നത്. സ്വജനപക്ഷപാതം മുതൽ നിയമവിരുദ്ധവും അധാർമ്മികവുമായ ചെയ്തികളുടെ പേരിൽ മുമ്പും അദ്ദേഹം വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെപ്പോലെ ഒരു സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഈ സത്യം മന്ത്രിയോ അദ്ദേഹം അംഗമായ മുന്നണിയോ മനസിലാക്കുന്നില്ലെന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ കാര്യം.

എന്തെങ്കിലുമൊരു ആരോപണം ഉയർന്നാൽ രാജി മുറവിളി ഉയരുന്നത് രാഷ്ട്രീയത്തിൽ പതിവാണ്. ആരും അത് ചെവിക്കൊള്ളാറുമില്ല. എന്നാൽ മന്ത്രി ജലീൽ സംശയജനകമായ തന്റെ ചില ചെയ്തികളുടെ പേരിൽ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ചെന്നു നിൽക്കേണ്ടിവന്നിരിക്കുന്നു. അദ്ദേഹത്തിനു മാത്രമല്ല സംസ്ഥാന മന്ത്രിസഭയ്ക്കു തന്നെ കളങ്കമേല്പിക്കുന്ന കാര്യമാണിത്.

പ്രതികൂല പരാമർശങ്ങളുടെ പേരിൽ പോലും നിരവധി മന്ത്രിമാർ രാജിവച്ച ചരിത്രമുള്ള നാടാണിത്. ഈ മന്ത്രിസഭയിൽത്തന്നെ ഉണ്ട് അങ്ങനെ പദവി രാജിവച്ച് പൊതുജീവിതത്തിൽ മാതൃക കാണിച്ചവർ. പൊതുമേഖലാ സ്ഥാപനത്തിൽ ബന്ധുവിന് നിയമന ശുപാർശ നൽകി എന്ന് ആരോപണമുയർന്നപ്പോഴാണ് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അധികാരം വിട്ടൊഴിഞ്ഞത്. മന്ത്രി ശശീന്ദ്രന്റെ രാജി വ്യത്യസ്ത കാരണത്താലായിരുന്നു. എന്നാലും പൊതുജനാഭിപ്രായത്തിനു ചെവികൊടുക്കാൻ അദ്ദേഹവും മടിച്ചില്ല എന്ന് എടുത്തുപറയേണ്ടതുണ്ട്. അധാർമ്മികമോ നിയമവിരുദ്ധമോ ആയ ഒരു പ്രവൃത്തിയും മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകാൻ പാടില്ലാത്തതാണ്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ഓരോ വ്യക്തിയും പ്രവർത്തന കാലാവധിയിലുടനീളം ഓർക്കേണ്ട കാര്യമാണത്.

മന്ത്രിയെന്ന പദവിയിലിരുന്നുകൊണ്ട് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ചെയ്തതിന്റെ പേരിലാണ് കെ.ടി. ജലീൽ ആരോപണ വിധേയനായിരിക്കുന്നത്. യു.എ.ഇ കോൺസൽ ജനറൽ അറ്റാഷെ, സ്വർണക്കടത്തു കേസിലെ പ്രതികൾ എന്നിവരുമായുള്ള മന്ത്രിയുടെ ബന്ധമാണ് സംശയനിഴലിലായിരിക്കുന്നത്. വിദേശ സഹായം സ്വീകരിക്കുന്നതിന് കേന്ദ്രാനുമതി ആവശ്യമാണെന്ന വസ്തുത ഏതൊരു മന്ത്രിയും അറിഞ്ഞിരിക്കേണ്ടതാണ്. എന്നിട്ടും അത്തരത്തിലുള്ള സഹായം സ്വീകരിച്ചതിനാണ് മന്ത്രി ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കേണ്ടിവന്നത്. നയതന്ത്ര ചാനൽ ഉപയോഗിച്ച് മതഗ്രന്ഥങ്ങൾ എത്തിച്ചതിലും അവയിൽ നിരവധി പാക്കറ്റുകൾ ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷമായതും ഉത്തരം ലഭിക്കേണ്ട കാര്യങ്ങളാണ്. ആരോപണങ്ങൾ ശക്തിപ്പെടുമ്പോഴും സത്യം മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് സ്വയം സ്ഥാപിക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല. കണ്ടുനിൽക്കുന്നവർക്കും കേട്ടുനിൽക്കുന്നവർക്കുമൊക്കെ ബോദ്ധ്യപ്പെടുകയും വേണം. വസ്തുതകളിലെ പൊരുത്തക്കേട് പരിപൂർണമായും ദൂരീകരിക്കാനുള്ള ഉത്തരവാദിത്വം മന്ത്രിയിൽത്തന്നെയാണ് അർപ്പിതമായിട്ടുള്ളത്. അതിനുള്ള മാർഗമെന്തെന്ന് അദ്ദേഹത്തിന് സ്വയം തീരുമാനിക്കാം. അതല്ലെങ്കിൽ മുഖ്യമന്ത്രി തീരുമാനമെടുക്കണം .സ്വർണക്കടത്തുകേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയും മന്ത്രി ജലീലിനെ ചോദ്യം ചെയ്തേക്കുമെന്ന സൂചന ഉണ്ട്. അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകേണ്ട സ്ഥിതിയാണ്. യു.എ.ഇ കോൺസുലേറ്റ് ഓഫീസുമായുള്ള വഴിവിട്ട ബന്ധങ്ങൾക്ക് പ്രോട്ടോക്കോൾ ചട്ടം മന്ത്രിക്ക് ഒട്ടും തടസമായില്ലെന്നാണ് വിവരം. തങ്ങൾ ശേഖരിച്ച വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും മന്ത്രി ജലീലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കുമെന്ന സൂചനയുമുണ്ട്. ഇതൊക്കെ എത്രമാത്രം അപകീർത്തികരമായ കാര്യങ്ങളാണെന്ന് ചിന്തിക്കേണ്ടതാണ്. കാലാവധി അവസാനിക്കാറായ സർക്കാരിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇതുപോലുള്ള സംഭവങ്ങൾ. മന്ത്രിസഭയുടെ സൽപ്പേരിനും വിശ്വാസ്യതയ്ക്കും അത് ഏല്പിക്കുന്ന പരിക്ക് നിസാരമായിരിക്കില്ല. തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഏതൊരു സർക്കാരിനും അഭിമാനകരമല്ല മന്ത്രി ജലീലിനെതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, KT JALEEL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.