കോട്ടയം : ഉമ്മൻചാണ്ടിയുടെ ശനിയാഴ്ച യാത്രകളിലെ ഡ്രൈവർ, സഹായി ഒപ്പം കട്ടഫാനും. 14 വർഷമായി കൊല്ലാട് കൈതയിൽ സിബി ജോൺ നിഴൽപോലെ ഒ.സിയോടൊപ്പമുണ്ട്. ലോകത്തെവിടെയായാലും ഞായറാഴ്ചകളിൽ ഉമ്മൻചാണ്ടി പുതുപ്പള്ളിയിലുണ്ടാകുമെന്നാണ് ചൊല്ല്. പുതുപ്പള്ളി പള്ളിയിലെ പ്രാർത്ഥനയും, വീട്ടിലെ ചെറിയ ജനസമ്പർക്കവും മസ്റ്റ്. 2004 ൽ ആദ്യമായി ഇദ്ദേഹം മുഖ്യമന്ത്രിയായ ശേഷമാണ് അമ്മയുടെ മരണം. ഇതോടെ പുതുപ്പള്ളിയിലെ വീട്ടിൽ നിന്ന് ഉറക്കം നാട്ടകം ഗസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി. ഇതോടെയാണ് സിബിയും രാത്രി കാവൽ ഏറ്റെടുത്തത്. പലപ്പോഴും സംസ്ഥാനത്തെ പല സ്ഥലങ്ങളിലെയും പരിപാടികൾ കഴിഞ്ഞ് രാത്രി ഏറെ വൈകിയാവും ഉമ്മൻചാണ്ടി ഗസ്റ്റ് ഹൗസിൽ എത്തുക. പിന്നെ ഒരു മണിക്കൂർ ഫയലുകൾ പരിശോധിക്കും. പുലർച്ചെ 2 കഴിഞ്ഞാണ് ഉറക്കം. അതുവരെ സിബിയും ഉറങ്ങാതെ ഒപ്പമിരിക്കും.
ഡ്രൈവറുടെ ഉറക്കവും, കുഞ്ഞൂഞ്ഞിന്റെ നടത്തവും
2004 ൽ മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ഉമ്മൻചാണ്ടിയും സിബിയും നടന്നത് മൂന്നു കിലോമീറ്ററിൽ ഏറെയാണ്. പുലർച്ചെ അഞ്ചരയ്ക്ക് ഉണർന്ന ഉമ്മൻചാണ്ടി, പത്രവായനയും കഴിഞ്ഞ് പുതുപ്പള്ളിപ്പള്ളിയിലേയ്ക്ക് പോകാനിറങ്ങി. ഉമ്മൻചാണ്ടി എത്തിയിട്ടും ഡ്രൈവർ ഉണർന്നില്ല. ടൂറിസം വകുപ്പിന്റെ ഡ്രൈവറെ വിളിച്ചുണർത്താമെന്ന് സിബി. വേണ്ടെന്ന് ഉമ്മൻചാണ്ടി. പുതുപ്പള്ളി വരെയല്ലേ, നടന്നു പോകാമെന്നായി. ഒപ്പം സിബിയും നടന്നു. പിന്നാലെ പൊലീസും. മൂന്നു കിലോമീറ്റർ നടന്ന ശേഷം ഒരു ഓട്ടോറിക്ഷ എത്തി. അതിൽ കയറി കുറച്ചു ദൂരം പിന്നിട്ടപ്പോഴേയ്ക്കും കാറുമായി ഡ്രൈവറെത്തി. ക്ഷീണം കാരണം മയങ്ങിയെന്ന ഡ്രൈവറുടെ മറുപടിയ്ക്ക് ഉമ്മൻചാണ്ടി നൽകിയത് ചെറു പുഞ്ചിരിയാണെന്ന് സിബി ഓർക്കുന്നു.
കാറിന്റെ താക്കോലും, റാംബോയുടെ ചാട്ടവും
ഉമ്മൻചാണ്ടിയുടെ ഫോട്ടോയാണ് സിബിയുടെ കാറിന്റെയും, ബൈക്കിന്റെയും കീച്ചെയിൻ. റെയിൽവേ സ്റ്റേഷനിൽ ഉമ്മൻചാണ്ടി വന്നിറങ്ങുന്നതിന് തൊട്ടു മുൻപ് കാറിന്റെ താക്കോൽ കാണാതായി. എന്തായാലും ഉമ്മൻചാണ്ടി വന്നിറങ്ങിയപ്പോൾ തന്നെ താക്കോൽ കിട്ടി. ഇതുമായി മുഖ്യമന്ത്രിയുടെ അടുത്തേയ്ക്ക് ഓടുന്നതിനിടെ ഡോഗ് സ്ക്വാഡിലെ ജെർമ്മൻഷെപ്പേർഡ് നായ റാംബോ സിബിയെ കടന്നു പിടിച്ചു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് സിബി പറഞ്ഞു.