ചിറ്റൂർ/ ആലത്തൂർ: ശക്തമായി പെയ്യുന്ന മഴയിൽ ജില്ലയിലെ മിക്ക പ്രദേശങ്ങളിലെയും കൊയ്ത്തിന് പാകമായ നെൽച്ചെടികൾ വീണു തുടങ്ങിയത് കർഷകരെ ആശങ്കയിലാക്കി. ഇതുമൂലം യന്ത്രക്കൊയ്ത്ത് അസാദ്ധ്യമായി.
ആലത്തൂർ, വടക്കഞ്ചേരി, കുഴൽമന്ദം, കുത്തന്നൂർ, കണ്ണാടി, തേങ്കുറുശി, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പൊൽപ്പുള്ളി, പെരുവെമ്പ് മേഖലകളിലെല്ലാം നെൽച്ചെടികൾ വ്യാപകമായി വീണിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടർന്നാൽ ഭൂരിഭാഗം കർഷകർക്കും ഒന്നാംവിള നഷ്ടത്തിൽ കലാശിക്കും. തൊഴിലാളി ക്ഷാമവും ഉള്ളവർക്ക് തന്നെ നൽകേണ്ട ഉയർന്ന കൂലിച്ചെലവും മൂലം വൻബാദ്ധ്യതയാണ് കൊയ്ത്ത് നടത്തുമ്പോൾ ഉണ്ടാകുക.
വെള്ളത്തിൽ വീണ നെല്ല് കൊയ്തെടുത്ത് ഉണക്കാനും സൂക്ഷിക്കാനും സാധിക്കാത്തതും കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ഈർപ്പമുള്ള നെല്ല് മുളയ്ക്കാനും ഇടയാക്കും. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വൈക്കോൽ പോലും കിട്ടില്ല
കൊയ്തില്ലെങ്കിൽ മുളപൊട്ടും
"വീണ നെൽച്ചെടികൾ ഉടൻ കൊയ്തെടുത്തില്ലെങ്കിൽ മുളയ്ക്കും. ഓലകരിച്ചലും മറ്റും അതിജീവിച്ച് വിളയിച്ച നെല്ലാണ് മഴയത്ത് നിലംപൊത്തി നശിക്കുന്നത്. കൊയ്ത്തു യന്ത്രങ്ങളുടെയും തൊഴിലാളികളുടെയും ക്ഷാമം മൂലം വീണ ചെടികൾ കൊയ്തെടുക്കാനുള്ള കാലതാമസം ഏറെ ദുരിതത്തിലാക്കുന്നു".
-രാജാമണി, കർഷകൻ, തേങ്കുറുശി.
സഹായം നൽകണം
"നെല്ലിലെ രോഗബാധയും മഴയിൽ ചെടികൾ നിലംപൊത്തിയുള്ള കൃഷി നാശവും ഏറെ നിരാശപ്പെടുത്തുന്നു. കൃഷി നാശം സംഭവിച്ച് പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാനുള്ള നടപടി വേഗം സ്വീകരിക്കണം."
വി.രാജൻ, കർഷകൻ, നല്ലേപ്പിള്ളി.