പഴയങ്ങാടി: സഹകരണ മേഖലയിൽ ടൂറിസത്തിന് അനന്തമായ സാദ്ധ്യത തിരിച്ചറിഞ്ഞ് 2018ൽ ഏഴോം കോട്ടക്കീൽ കേന്ദ്രമായി ആരംഭിച്ച ഏഴോം സർവീസ് ബാങ്ക് സംരംഭമായ ഏഴിലം ടൂറിസം പദ്ധതിയും കൊവിഡിൽ കുരുങ്ങി പ്രതിസന്ധിയിൽ. പ്രവാസികളെ അടക്കം പങ്കാളികളാക്കി വൻകുതിച്ചുചാട്ടത്തിലായിരുന്ന പദ്ധതിയാണ് കൊവിഡിനെ തുടർന്ന് ചലനമറ്റുപോയത്.
കൊവിഡ് വ്യാപനം കൂടിയതോടെ ബോട്ട് സർവീസ് നിർത്തിവച്ചു. രണ്ട് ഹൗസ് ബോട്ടുകൾ, രണ്ട് സ്പീഡ് ലോഞ്ചർ ബോട്ടുകൾ, ഒരു ഡേക്രൂയിസർ ബോട്ട്, രണ്ട് പെഡൽ ബോട്ടുകൾ എന്നിവ സർവീസ് നടത്തിയിരുന്നു. വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി 300 ഓളം സംഘങ്ങൾക്ക് വേണ്ടി ഹൗസ് ബോട്ടുകൾ സർവീസ് നടത്തിയിട്ടുണ്ട്. 10 ജീവനക്കാരെ ഇതിനായി നിയമിച്ചിരുന്നു. പിന്നീട് ഹൗസ് ബോട്ട് കേന്ദ്രീകരിച്ച് കൊവിഡ് മാനദണ്ഡം പാലിച്ച് നിലവിലെ ജീവനക്കാരെ ഉൾപ്പെടുത്തി കാറ്ററിംഗ് തുടങ്ങി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും രോഗവ്യാപനം രൂക്ഷമായതോടെ ഉപേക്ഷിക്കുകയായിരുന്നു. ബോട്ട് സർവീസ് നിലച്ചതോടെ ജീവനക്കാർക്ക് മതിയായ വേതനം നൽകാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.
രണ്ടു കോടിയുടെ പദ്ധതി
കൊവിഡ് വ്യാപനത്തിന് മുന്നെ ഏഴിലം ടൂറിസം പദ്ധതിയിൽ രണ്ടു കോടിയിലേറെ രൂപ നിക്ഷേപിച്ച് വിപുലമായ വികസനത്തിന് രൂപരേഖ തയ്യാറാക്കിയതാണ്. എന്നാൽ സ്കൂൾ അവധിക്കാലവും ഓണക്കാലവും കൊവിഡ് കൈയടക്കിയതോടെ കാര്യങ്ങൾ പിടിവിട്ടുപോകുകയായിരുന്നു. എന്നിരുന്നാലും സർക്കാർ സഹായം ഉണ്ടെങ്കിൽ ഏഴിലം ടൂറിസം പദ്ധതി ഉയർത്തെഴുന്നേൽക്കും എന്ന വിശ്വാസത്തിലാണ് ഇപ്പോൾ അധികൃതർ.
ടൂറിസം രംഗത്തുള്ള ജീവനക്കാരെ ശമ്പളം നൽകി നിലനിർത്തുകയെന്നത് തന്നെ ഏഴിലം ടൂറിസം പദ്ധതിക്ക് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കും. സർക്കാരിന്റെ സത്വര ശ്രദ്ധയും സാമ്പത്തിക പാക്കേജും അടിയന്തരമായി അനുവദിച്ചില്ലങ്കിൽ ഇതുപോലുള്ള ഗ്രാമീണ ടൂറിസം സംരംഭങ്ങളുടെ മുന്നോട്ട് പോക്ക് അപകടത്തിലാകും.
ഇ വേണു, ഏഴോം സർവ്വീസ് ബാങ്ക് സെക്രട്ടറി.