പയ്യന്നൂർ: പാർശ്വവത്കരിക്കപ്പെട്ട കൈതോല കൊണ്ടുള്ള തഴപ്പായ നിർമ്മാണ പരമ്പരാഗത തൊഴിലിന്റെ അസ്തമനക്കാഴ്ചകളും അതിജീവനക്കരുത്തും പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിച്ച് ' വെയിൽപ്പൂവ് ' ഹ്രസ്വചിത്രം. സംഭാഷണങ്ങളില്ലാതെ തന്നെ പ്രേക്ഷകഹൃദയങ്ങളിൽ ആഴത്തിൽത്തൊടുന്ന തരത്തിലാണ് സുരേഷ് അന്നൂർ ചിത്രം ഒരുക്കിയിരിക്കുന്നത്.
കൊടും ദാരിദ്ര്യത്തിലും വറുതിയിലും പ്രതീക്ഷയറ്റുപോയ ഒരു ഭൂതകാല ചരിത്രം പാഠമാക്കി കഠിനമായ ഈ കൊവിഡ് കാല പ്രതിസന്ധിയെ അതിജീവിക്കാൻ വൃദ്ധയായ ഒരു സ്ത്രീ കാണിക്കുന്ന ധൈര്യമാണ് ചിത്രത്തിന്റെ പ്രമേയം.
കൊവിഡിന്റെ പശ്ചാത്തലത്തിൽ വീണ്ടും ദുരിതത്തിലായചിത്രത്തിലെ വൃദ്ധയായ കഥാപാത്രം അവസാനം കൃഷിയിലേക്ക് മടങ്ങുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.
പയ്യന്നൂർ കാറമേൽ പ്രദേശത്ത് കൈതോല കൊണ്ട് പരമ്പരാഗതമായി തഴപ്പായ തൊഴിലിലേർപ്പെടുന്നവരുടെ ജീവിതമാണ് സുരേഷ് അന്നൂർ ഹ്രസ്വചിത്രമാക്കിയത്. 3.54 മിനുട്ട് ദൈർഘുമുള്ള ചിത്രത്തിന്റെ കാമറ, സംഗീതം, നിർമാണം, സംവിധാനം എന്നിവ സുരേഷ് അന്നൂരും എഡിറ്റിംഗ് വിനോദ് കാനയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.ചിത്രം യുട്യൂബിൽ ലഭ്യമാണ്.