തൃശൂർ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയപ്രേരിതമായി പ്രവർത്തിക്കുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്ന് ഒരു കോടി മാത്രമാണ് കണ്ടെത്തിയത്. കമ്മിഷനിലെ ബാക്കി തുക ഇ.പി ജയരാജന്റെ മകനിലേക്കാണ് പോയതെന്നാണ് പുറത്തു വരുന്ന വിവരം. അതിനാലാണ് ഇ.ഡിക്കെതിരെ പരസ്യമായ നിലപാട് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. 'അന്വേഷണം ശരിയായ ദിശയിലാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കട്ടെ ഞങ്ങൾക്ക് ഭയമില്ലെ 'ന്ന് കഴിഞ്ഞ രണ്ട് മാസമായി പറഞ്ഞവർ, ഇപ്പോൾ പരസ്യമായാണ് അന്വേഷണത്തെ എതിർക്കുന്നത്. ഇപ്പോൾ ഇ..ഡിക്കെതിരെ രംഗത്ത് വന്നത് അന്വേഷണം വമ്പൻ സ്രാവുകളിലേക്ക് നീങ്ങുന്നതു കൊണ്ടാണ്. അവസാനം ചെന്നെത്തുക മുഖ്യമന്ത്രിയിലേക്കാണ്. മെഡിക്കൽ കോളേജിൽ നെഞ്ചുവേദനയെ തുടർന്ന് പ്രവേശിപ്പിക്കപ്പെട്ട സ്വപ്ന സുരേഷ് ആശുപത്രിയിലെ നഴ്സുമാരുടെ മൊബൈലിൽ നിന്ന് ചില ഉന്നതരെ വിളിച്ചതായും സുരേന്ദ്രൻ ആരോപിച്ചു.