തിരുവനന്തപുരം:വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളായ സജീബ്,ഉണ്ണി എന്നിവരുമായി പൊലീസ് കൊലപാതകം നടന്ന തേമ്പാമൂട് ജംഗ്ഷനിൽ തെളിവെടുപ്പിനെത്തി. പകൽ തെളിവെടുപ്പ് നടത്തിയാൽ പ്രതിഷേധമുണ്ടായേക്കുമെന്ന ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ 2നാണ് ആറ്റിങ്ങൽ ഡി വൈ.എസ്.പിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. മുഖ്യപ്രതികളിലൊരാളായ സനലിന് ദേഹാസ്വാസ്ഥ്യമുള്ളതിനാൽ ഇയാളെ മറ്റൊരു ദിവസം എത്തിച്ച് തെളിവെടുപ്പ് നടത്തും. മുഖ്യപ്രതികൾ തലയൽ ഭാഗത്ത് നിന്നാണ് സംഭവ സ്ഥലത്തേക്ക് എത്തിയത്.തുടർന്ന് വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് വന്ന മിഥിലാജിനെയും ഹക്കിനെയും ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മുഖ്യപ്രതികൾ രണ്ട് ബൈക്കിലായിട്ടാണ് എത്തിയത്. രണ്ടുമിനിട്ട് ദൈർഘ്യമുള്ള ആക്രമണമായിരുന്നുവെന്നും തുടർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അൻസാർ,നജീബ്,അജിത് എന്നീ പ്രതികളെയും ഗൂഢാലോചന നടത്തിയ മുത്തികാവിലെ ഫാം ഹൗസിലും ഒരുമിച്ചു കൂടിയ മാങ്കുഴിയിലും മരുതുംമൂട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.കൊലപാതകത്തിനു ശേഷം സജീവും ഉണ്ണിയും ഒരുമിച്ച് സ്കൂട്ടറിൽ നെടുമങ്ങാട് ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മാങ്കുഴിയിൽ വച്ച് പെട്രോൾ തീർന്നു. ഇവർക്ക് പെട്രോൾ വാങ്ങിക്കൊടുത്ത രണ്ടുപേരെയും പൊലീസ് പിടികൂടിയിരുന്നു. സജീവും സനലും ഈ സ്കൂട്ടറിൽ മദപുരത്തെത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. വീണ്ടും പ്രതികളെ കൊണ്ട് വന്ന് തെളിവെടുക്കുമെന്നും പൊലീസ് അറിയിച്ചു.സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ പേരുടെയും ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു വരുന്നുണ്ട്.