മന്ത്രി ഇ.പി ജയരാജന്റെ മകൻ കമ്മീഷൻ കൈപ്പറ്റിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചിൽ പൊലീസിന് നേരെ തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ എം.എൽ.എ.മാരായ ഷാഫി പറമ്പിലും ശബരിനാഥും ചേർന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു
തിരുവനന്തപുരം:ലൈഫ് മിഷൻ പദ്ധതിയിൽ മന്ത്രിമാരും മന്ത്രിയുടെ പുത്രനും കമ്മിഷൻ തട്ടിയതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ഇ.പി ജയരാജന്റെ ഒൗദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
മാർച്ച് മന്ത്രിയുടെ വസതിക്ക് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകരും, പൊലീസും തമ്മിൽ കൈയ്യാങ്കളിയായി. കൂടുതൽ സംഘർഷത്തിലേക്ക് കടന്നപ്പോൾ പൊലീസ് ലാത്തിവീശി . നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി . തുടർന്ന് പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു.
കൊള്ള സംഘങ്ങളുടെ അവൈലബിൾ പോളിറ്റ് ബ്യൂറോയാണ് നാട് ഭരിക്കുന്നതെന്ന്
മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ
പറഞ്ഞു.അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിനെ പിരിച്ച് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ കെ.എസ് ശബരീനാഥൻ എം.എൽ.എ ,റിയാസ് മുക്കോളി ,റിജിൽ മാക്കുറ്റി, എസ്.എം ബാലു ,സെക്രട്ടറിമാരായ നിനോ അലക്സ്, ഷജീർ നേമം ,വിനോദ് കോട്ടുകാൽ എന്നിവർ സംസാരിച്ചു.