കണ്ണൂർ: ആദ്യത്തെ പുനഃസംഘടനയിൽ എ ഗ്രൂപ്പിന് ജില്ലയിൽ അർഹമായ പ്രാതിനിധ്യമില്ലെന്ന പരാതി പരിഹരിച്ചപ്പോൾ തങ്ങളെ തഴഞ്ഞെന്ന പരാതിയുമായി ഐ ഗ്രൂപ്പ്. കെ.പി.സി.സിയുടെ പുതിയ ഭാരവാഹിപ്പട്ടിക പുറത്തു വന്നപ്പോൾ ഒരു ജനറൽ സെക്രട്ടറിയും മൂന്നു സെക്രട്ടറിമാരും എ ഗ്രൂപ്പിന് ലഭിച്ചു.
എ ഗ്രൂപ്പിൽ നിന്ന് അഡ്വ. സോണി സെബാസ്റ്റ്യൻ ജനറൽ സെക്രട്ടറിയും മുൻ ഡി.സി.സി വൈസ് പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.കെ.വി ഫിലോമിന, ഡി.സി.സി സെക്രട്ടറി എം.പി മുരളി, വി.എൻ ജയരാജ് എന്നിവർ സെക്രട്ടറിമാരുമായി. നേരത്തെ ഒഴിവാക്കപ്പെട്ട വി.എ നാരായണനെ ഇക്കുറി ജനറൽ സെക്രട്ടറിയാക്കിയിട്ടുണ്ട്. അന്തരിച്ച കെ. സുരേന്ദ്രന്റെ ഒഴിവിലേക്ക് സുധാകരൻ വിഭാഗത്തിൽ പെട്ട അഡ്വ. മാർട്ടിൻ ജോർജ്ജും ജനറൽ സെക്രട്ടറിയായി.
ഒടുവിലത്തെ ഭാരവാഹിപ്പട്ടിക പുറത്തുവന്നപ്പോൾ ജില്ലയിൽ അഞ്ചു ജനറൽ സെക്രട്ടറിമാരും നാല് സെക്രട്ടറിമാരും ഉണ്ട്. ഐ വിഭാഗത്തിൽ നിന്ന് സജ്ജീവ് മാറോളി, വി.എ നാരായണൻ, അഡ്വ. സജീവ് ജോസഫ്, സുധാകര വിഭാഗത്തിൽ നിന്ന് അഡ്വ. മാർട്ടിൻ ജോർജ്ജ്, എ വിഭാഗത്തിൽ നിന്നും സോണിസെബാസ്റ്റ്യൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.
സംസ്ഥാന എക്സിക്യൂട്ടിവിലേക്ക് സുമാബാലകൃഷ്ണൻ, മമ്പറം ദിവാകരൻ, വി. രാധാകൃഷ്ണൻ, വി. സുരേന്ദ്രൻ, കെ. പ്രഭാകരൻ, കൊയ്യം ജനാർദ്ദനൻ തുടങ്ങിയവർ നിർവാഹക സമിതിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
അതേ സമയം ഭാരവാഹി പട്ടികയിൽ തങ്ങൾക്ക് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന പരാതി എ.ഐ.സി.സിക്ക് നൽകുമെന്ന് ഐ വിഭാഗം നേതാക്കൾ അറിയിച്ചു.