ബ്രസീലിയ: ഒരു മഹാമാരിയെ പരാജയപ്പെടുത്തിയതിന്റെ എല്ലാ ആത്മവിശ്വാസവും വില്ലുകളും ഷോട്ട്ഗണ്ണുകളുമായി മോട്ടോർ സൈക്കിളുകളിൽ എത്തിയ ടെംബെ വംശക്കാരുടെ മുഖത്ത് പ്രകടമായിരുന്നു. ആമസോണിലെ തങ്ങളുടെ വാസസ്ഥലത്തേക്കുള്ള വാതിൽ ചങ്ങല കൊണ്ട് പൂട്ടിയിരുന്നു. പൂട്ട് തുറന്ന് ഗേറ്റിൽ നിന്ന് ചങ്ങല മാറ്റി 33 കാരിയായ റെജിസ് ടുഫോ മൊറീറ ടെംബെ ഒരു സന്ദർശകനോട് പറഞ്ഞു “നിങ്ങൾക്ക് വരാം.ഞങ്ങൾ ചെയ്യുന്നത് എല്ലാവർക്കും വേണ്ടിയാണ്, ഒപ്പം ഞങ്ങളുടെ നല്ലതിന് കൂടിയാണ്.”- അവർ പറഞ്ഞു.
ബ്രസീൽ കൊവിഡ് ബാധയാൽ വലയുമ്പോഴും തദ്ദേശീയ വിഭാഗമായ ടെംബെ സമുദായാംഗങ്ങൾക്കിടയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു കൊവിഡ് കേസ് പോലും സ്ഥിരീകരിക്കാതിരുന്നത് അവരുടെ അതീവ ജാഗ്രതയും ശ്രദ്ധയും മൂലമാണ്. തങ്ങളുടെ നേട്ടം ഉത്സവമാക്കിയാണ് അവർ ആഘോഷിച്ചത്.
ടെനെറ്റെഹാര സമുദായത്തിന്റെ ഉപ സമുദായങ്ങളിൽ ഒന്നാണ് ടെംബെ സമുദായം. പാരാ സംസ്ഥാനത്തിന്റെ പടിഞ്ഞാറെ അറ്റത്തുള്ള ആൾട്ടോ റിയോ ഗുവാമയിലാണ് ടെംബെ സമുദായാംഗങ്ങളുടെ കൊവിഡ് മുക്ത പ്രദേശം.
രാജ്യത്ത് പല തദ്ദേശീയ സമുദായങ്ങൾക്കിടയിലും കൊവിഡ് രോഗബാധ വ്യാപിച്ചിരുന്നു. കാജ്യൂറോ, ടെക്കോഹാവ്, കാനിന്ദെ ഗ്രാമങ്ങളിലെ നൂറുകണക്കിന് ടെംബെ വംശജർ അവരുടെ ഗ്രാമങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ അടച്ചിട്ടിരിക്കുകയാണ്. അടിയന്തരാവശ്യങ്ങൾക്ക് മാത്രം ആളുകൾക്ക് പുറത്തുപോവാം. ഔദ്യോഗിക ആരോഗ്യ സേവന ഏജൻസിയായ സെസായിയിൽ നിന്നുള്ള ഏജന്റുമാർക്ക് അതീവ നിയന്ത്രണങ്ങളോടെ ഗ്രാമത്തിൽ പ്രവേശിക്കുന്നതിനും അനുമതി നൽകാറുണ്ട്.
രോഗ വ്യാപനം തുടങ്ങിയ സമയത്ത് തന്നെ മൂന്ന് ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകൾ പ്രത്യേക സമിതികൾ രൂപീകരിച്ച് ജനങ്ങളെ സന്ദർശിച്ച് കൊവിഡ് ബോധവത്കരണം നടത്തിയിരുന്നു.
രാജ്യത്തെ തദ്ദേശീയ സമുദായാംഗങ്ങൾക്കിടയിൽ 31,306 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 793 പേർ മരിച്ചു.