കോഴിക്കോട്: ഒരു നൂറ്റാണ്ടിനപ്പുറത്തേക്കുള്ള തിരിഞ്ഞുനോട്ടത്തിൽ തെളിഞ്ഞുവരുന്നത് ചരിത്രത്തിലെ തുടിപ്പാർന്ന അദ്ധ്യായങ്ങൾ. മഹാത്മാഗാന്ധിയുടെ മലബാർ ക്രിസ്ത്യൻ കോളേജ് സന്ദർശനവും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി കല്ലിക്കൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ കോഴിക്കോട്ട് നടത്തിയ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളുമെല്ലാം ഇതൾവിരിയുകയാണ് 'ചരിത്രരേഖകളിലെ ദീപസ്തംഭങ്ങൾ' എന്ന വീഡിയോ ഡോക്യുമെന്ററിയിൽ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാലത്തെ കോഴിക്കോടിന്റെയും മലബാറിന്റെയും ചരിത്രത്തിലേക്ക് ആണ്ടിറങ്ങിയ യാത്രയാണ് ഈ ഡോക്യുമെന്ററി. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ റീജിണൽ ആർക്കൈവ്സിൽ സൂക്ഷിച്ച രേഖകളുടെ പിൻബലത്തിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ എം.സി.വസിഷ്ഠാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. വിവരണത്തിന് ശബ്ദം നൽകിയത് കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകൻ ആർ. മോഹനും. ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിച്ചത് ക്രിസ്ത്യൻ കോളേജിലെ മൂന്നാം സെമസ്റ്റർ ചരിത്ര വിദ്യാർത്ഥികളായ പത്മജിത്ത്, യാഷിൻ, അശ്വനി, ശ്രുതി, മുഹസീന, അശ്വതി, അക്ഷയ എന്നിവരാണ്.
ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമൻ 1911 ഡിസംബറിൽ ഇന്ത്യാ സന്ദർശനത്തിന് എത്തുന്നതിന്റെ മുന്നോടിയായി മലബാറിലുടനീളം ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതിന് രൂപം നൽകാൻ ചേർന്ന യോഗത്തിന്റെ മിനുട്സിലൂടെയാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. ബ്രിട്ടീഷ് രാജാവിന്റെ സ്മരണ പുതുക്കി കോഴിക്കോട്ടെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ പേരിൽ മലബാർ ക്രിസ്ത്യൻ കോളേജിലെ പിന്നാക്ക ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്താൻ കോഴിക്കോട്ടെ ധനാഢ്യൻ കൂടിയായ കല്ലിക്കൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ അനുമതി തേടിയതിലേക്കും രേഖകൾ വെളിച്ചം വീശുകയാണ്. മലബാർ ക്രിസ്ത്യൻ കോളേജിൽ തുടക്കം മുതൽ തന്നെ ജാതിപരിഗണനയില്ലാതെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിരുന്നുവെന്നും കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വല വ്യക്തിത്വമായ സഹോദരൻ അയ്യപ്പൻ ഈ കലാലയത്തിന്റെ ആരംഭകാലത്ത് (1911 - 13) ഇവിടെ വിദ്യാർത്ഥിയായിരുന്നുവെന്നുമുള്ള പുതിയ വിവരങ്ങൾ ഡോക്യുമെന്ററി പകർന്നേകുകയാണ്.