ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആർ.ജെ.ഡി സ്ഥാപക നേതാവ് രഘുവംശ് പ്രസാദ് സെപ്തംബർ 10ന് ലാലുപ്രസാദിന് തുറന്ന കത്തെഴുതിയാണ് പാർട്ടി വിടുകയാണെന്ന് അറിയിച്ചത്.
അതിവൈകാരികമായാണ് ലാലുപ്രസാദ് ഇതിനോട് പ്രതികരിച്ചത്.
'താങ്കൾ എഴുതിയെന്ന് അവകാശപ്പെടുന്ന കത്ത് ഞാൻ മാദ്ധ്യമങ്ങളിൽ കണ്ടു. എനിക്ക് അതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. താങ്കൾ എത്രയും വേഗം സുഖം പ്രാപിക്കണമെന്നും ഞങ്ങൾക്കൊപ്പം എന്നും ഉണ്ടാകണമെന്നുമാണ് ആർ.ജെ.ഡിയും എന്റെ കുടുംബവും ആഗ്രഹിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ എല്ലാ പ്രശ്നങ്ങൾക്കും നാം ഒന്നിച്ചാണ് പരിഹാരം കണ്ടത്. അതുപോലെ ഇപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കാനാവും.'-മറുപടി കത്തിൽ ലാലു കുറിച്ചിരുന്നു.
അത് വായിച്ച് തീരും മുമ്പെ രഘുവംശ് വെന്റിലേറ്ററിലായി. പ്രശ്നങ്ങൾ പരിഹരിക്കാൻ നിൽക്കാതെ വിടവാങ്ങി.
ലാലു പ്രസാദ് യാദവിന്റെ സന്തത സഹചാരിയായിരുന്നു രഘുവംശ്. അഴിമതി കേസിൽ ലാലു ജയിലിലായതോടെ പാർട്ടി നേതൃത്വം ഏറ്റെടുത്ത തേജ്വസി യാദവുമായി അദ്ദേഹം അഭിപ്രായ ഭിന്നതയിലായി. ഒപ്പം ലോക്സഭാ തിരഞ്ഞെടുപ്പിൽ നിതീഷിനോട് പരാജയപ്പെട്ടതോടെ ബന്ധം കൂടുതൽ വഷളായി. മാഫിയ തലവൻ രാമ സിംഗിന്റെ ആർ.ജെ.ഡി പ്രവേശനവുമായി ബന്ധപ്പെട്ട ഭിന്നതകളെ തുടർന്ന് പാർട്ടി ഉപാദ്ധ്യക്ഷ സ്ഥാനവും അദ്ദേഹം രാജിവച്ചു. പാർട്ടി അംഗത്വം ഉപേക്ഷിച്ചിരുന്നില്ലെങ്കിലും ദൈനംദിന ചുമതലകളിൽ നിന്നും ഒഴിഞ്ഞു. അദ്ദേഹം ജെ.ഡി.യുവിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
തൊഴിലുറപ്പിന്റെ പിതാവ്
ഇന്ത്യയിലെ സാധാരണക്കാർക്ക് 100 ദിവസം ജോലി ഉറപ്പാക്കാൻ ഒന്നാം യു.പി.എ. ഭരണകാലത്ത് നടപ്പിലാക്കിയ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പിതാവെന്നാണ് രഘുവംശിനെ വിശേഷിപ്പിക്കുന്നത്. രഘുവംശ് അന്ന് കേന്ദ്ര ഗ്രാമീണ വികസന മന്ത്രിയായിരുന്നു.