ന്യൂഡൽഹി: വലിയ ഇംഗ്ളീഷ് വാക്കുപയോഗിച്ച് പ്രശംസിക്കാമോയെന്ന് ചോദിച്ച എഴുത്തുകാരൻ ചേതൻ ഭഗത്തിനെകടിച്ചാൽ പൊട്ടാത്ത വാക്കുകളിൽ പുകഴ്ത്തി ശശി തരൂർ എം.പി.
കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമത്തിൽ ഇന്ത്യയിൽ എഴുതിയ ചേതന്റെ കോളം വായിച്ചാണ് തരൂർ അഭിനന്ദിച്ചത്.
'നമ്മുടെ രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളെപറ്റിയും അതിൽ നാം ചെയ്യേണ്ടതെന്നും ചേതൻ കൃത്യമായി പറഞ്ഞു. രചനയുടെ ലാളിത്യവും വ്യക്തതയുമാണ് ചേതന്റെ മഹത്വം. അദ്ദേഹത്തിന്റെ സന്ദേശം വ്യക്തമാണ്. സർക്കാരിലെ അദ്ദേഹത്തിന്റെ ആരാധകർ ഇക്കാര്യങ്ങൾ മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു''-
എന്നായിരുന്നു തരൂർ കുറിച്ചത്.
ഇതിന് മറുപടിയായി 'എന്നെ തരൂർ അഭിനന്ദിച്ചതിൽ സന്തോഷമുണ്ടെന്നും അടുത്ത തവണ തരൂരിന് മാത്രം സ്വന്തമായ കുറച്ച് വലിയ വാക്കുകൾ ഉപയോഗിച്ച് എന്നെ പുകഴ്ത്തണമെന്നും' ചേതൻ ഭഗത്ത് ട്വീറ്റ് ചെയ്തു.
ഇത് ശ്രദ്ധയിൽപെട്ട തരൂർ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കടുത്ത വാക് പ്രയോഗം നടത്തുകയായിരുന്നു.
''തീർച്ചയായും ചേതൻ ഭഗത്, നിങ്ങൾ നീളമുള്ള വാക്കുകൾ ഉപയോഗിക്കുന്നയാളോ പൊങ്ങച്ചം പറയുന്ന ആളോ അല്ലെന്ന് വ്യക്തമാണ്. താങ്കളുടെ ആശയങ്ങൾ പൊടിപ്പും തൊങ്ങലുകളുമില്ലാത്തതും വളച്ചുകെട്ടിപ്പറയാത്തതും പ്രകടനപരതയില്ലാത്തതുമാണ് . ഇന്നത്തെ കോളത്തിലെ തെളിഞ്ഞ ഉൾക്കാഴ്ചയെ ഞാൻ അഭിനന്ദിക്കുന്നു.'' എന്നാണ് ചിരപരിചിതമല്ലാത്ത ഇംഗ്ളീഷ് വാക്കുകൾ ഉപയോഗിച്ച് തരൂർ പറഞ്ഞത്.