അടൂർ : കാടുകളിൽ നിന്ന് ഇരതേടി നാട്ടിലെത്തുന്ന മൈലുകൾ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് ചാവുന്നത് പതിവാകുന്നു. തെങ്ങമം തോട്ടമുക്ക് ഭാഗത്ത് ഇന്നലെ മൂത്താമത്തെ തവണ മയിൽ ഷോക്കേറ്റ് ചത്തു. ഒന്നരമാസം മുൻപും ഇൗ മേഖലയിൽ മയിൽ അപകടത്തിൽപ്പെട്ടിരുന്നു. കാട്ടിൽ നിന്ന് നാട്ടിലെത്തിയ മൈലുകൾക്ക് വൈദ്യുതി കമ്പി സുപരിചിതമല്ല. ആളുകളെ കാണുമ്പോൾ പറന്നു പോകുന്നതിനിടെ പറന്ന് വൈദ്യുതി ലൈനുകളിലായിരിക്കും ഇരിക്കുന്നത്. മയിൽപ്പീലി ഉൾപ്പെടെ ശരീരത്തിന് വളരെ നീളമുള്ളതിനാൽ അടുത്ത കമ്പിയിൽ കൂടി തട്ടിയാണ് ഷോക്കേൽക്കുന്നത്. സമീപകാലത്തായി നിരവധി മയിലുകളാണ് നാട്ടിലേക്ക് ചേക്കേറുന്നത്. മതിയായ ഭക്ഷണം ലഭിക്കുമെന്നതിനാലാണ് ഇവ നാട്ടിലേക്ക് എത്തുന്നത്. ഇവ കർഷകർക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പയർ ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിക്കുന്നു എന്ന പരാതിയും ഉയരുന്നു. കൊടുമൺ പ്ളാന്റേഷൻ മേഖലകളിൽ നിന്നുമാണ് മയിലുകൾ താലൂക്കിന്റെ വിവിധ മേഖലകളിൽ താവളം ഉറപ്പിച്ചിരിക്കുന്നത്. നാട്ടിലിറങ്ങുന്ന മയിലുകളെ വളരെ ആകർഷണീയതയോടെയാണ് നാട്ടുകാർ കാണുന്നത്. തെങ്ങമം തോട്ടമുക്ക് ഭാഗത്ത് റിട്ട. ആർമി ഉദ്യോഗസ്ഥൻ കെ. എം. മാത്യുവിന്റെ വീടിന് മുന്നിലാണ് ഇന്നലെ ഷോക്കേറ്റ് മയിൽ ചത്തത്. വിവരം അറിഞ്ഞ് വനംകുപ്പ് കോന്നി ഡിവിഷനിലെ കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഒാഫീസർ ജിജോ വർഗീസ് , ബീറ്റ് ഒാഫീസർ സജിനി എന്നിവർ സ്ഥലത്തെത്തി. ചത്ത മയിലിനെ വനംവകുപ്പ് വെറ്റിറിനറി സർജന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തുന്നതിനായി കൊണ്ടുപോയി.