ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. മരണം 79,000 പിന്നിട്ടു. ശനിയാഴ്ച 94,409 പുതിയ രോഗികളും 111 മരണവും റിപ്പോർട്ട് ചെയ്തു.
ആന്ധ്രയിൽ 9,536 പുതിയ രോഗികളും 66 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ ആകെ രോഗികൾ അഞ്ചുലക്ഷം കടന്നു. ഇന്നലെ 5,693 പുതിയ രോഗികളും 74 മരണവും.
കർണാടയിൽ രോഗികൾ നാലരലക്ഷം പിന്നിട്ടു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 78,399 പേർ രോഗമുക്തരായെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ, ആകെ രോഗമുക്തരുടെ എണ്ണം 37,02,595 ആയി. 77.88ശതമാനം ആണ് രോഗമുക്തി നിരക്ക്. പുതിയതായി രോഗം ഭേദമായവരുടെ എണ്ണത്തിന്റെ 58 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. ചികിത്സയിലുള്ളവരുടെ 60 ശതമാനവും മഹാരാഷ്ട്ര (28.79%), കർണാടക (10.05%), ആന്ധ്രപ്രദേശ് (9.84%), ഉത്തർപ്രദേശ് (6.98%), തമിഴ്നാട് (4.84%) എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്.
അഞ്ച് എം.പിമാർക്ക് കൊവിഡ്
പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ അഞ്ച് എം.പിമാർക്ക് കൊവിഡ്. പശ്ചിമബംഗാളിലെ ബി.ജെ.പി എം.പി സുഖന്ത മജുംദാറും ഇതിൽ ഉൾപ്പെടുന്നു. മറ്റുള്ള എം.പിമാരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
തമിഴ്നാട്ടിൽ സി.പി.എം മുൻ എം.എൽ.എ കെ.തങ്കവേൽ കൊവിഡ് ബാധിച്ച് മരിച്ചു. 69 വയസായിരുന്നു. ആശുപത്രിയിലായിരുന്ന തങ്കവേൽ, മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.