ന്യൂഡൽഹി: ക്ലിനിക്കൽ പരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നതു പോലെ വിജയിച്ചാൽ അടുത്തവർഷം ആദ്യ പാദത്തോടെ ഇന്ത്യയിൽ കൊവിഡ് വാക്സിൻ റെഡിയാകുമെന്നും ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കാൻ ആദ്യ കുത്തിവയ്പെടുക്കാൻ താൻ തയ്യാറാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവദ്ധനൻ പറഞ്ഞു. സൺഡേ സംവാദ് സാമൂഹിക മാദ്ധ്യമ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിൻ പുറത്തിറക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല. ഏറ്റവും അത്യാവശ്യമുള്ളവർക്കായിരിക്കും ആദ്യം ലഭ്യമാക്കുക. അതിന് അവരുടെ സാമ്പത്തിക ശേഷി നോക്കില്ല. മുതിർന്ന പൗരന്മാർക്കും ഹൈറിസ്ക് വിഭാഗത്തിനുമാണ് മുൻഗണന. ഇന്ത്യയിലെ വിവിധ ലാബുകളിൽ ട്രയൽ നടക്കുന്നുണ്ട്. ഇതിൽ ഏറ്റവും ഫലപ്രദമായ വാക്സിൻ ആയിരിക്കും ഉപയോഗിക്കുക. ഇന്ത്യയിലെയും വിദേശത്തെയും വാക്സിനുകളുടെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ മെഡിക്കൽ ഗവേഷണ കൗൺസിൽ വാക്സിൻ പോർട്ടൽ തുടങ്ങും.
ജനസംഖ്യയിൽ ഭൂരിപക്ഷത്തിനും പ്രതിരോധശേഷി ഉണ്ടാകാൻ വാക്സിൻ നൽകണം. അതിനുള്ള പദ്ധതി തയ്യാറാക്കി വരികയാണ്. നിതി ആയോഗിലെ ആരോഗ്യകാര്യങ്ങൾക്കുള്ള അംഗം ഡോ. വി. കെ. പോൾ ചെയർമാനായ ദേശീയ വിദഗ്ദ്ധസമിതിക്കാണ് ഇതിന്റെ ചുമതല. സുരക്ഷ, ചെലവ്, ഉത്പാദന സമയക്രമം, വാക്സിൻ വിതരണത്തിന് താപനില ക്രമീകരിക്കൽ തുടങ്ങിയവ ചർച്ച ചെയ്തുവരികയാണ്.
പ്രതീക്ഷ മൂന്ന് വാക്സിനുകളിൽ
1.ഓക്സ്ഫോഡ് സർവകലാശാലയുടെ വാക്സിൻ. കുത്തിവയ്പെടുത്ത വോളണ്ടിയർക്ക് അജ്ഞാത രോഗം കണ്ടതോടെ പരീക്ഷണം നിറുത്തിയെങ്കിലും ബ്രിട്ടീഷ് സർക്കാർ പുനഃരാരംഭിക്കാൻ അനുവദിച്ചു. ഇന്ത്യയിൽ അടുത്തയാഴ്ച പരീക്ഷണം പുനഃരാരംഭിക്കും
2.ഐ.സി.എം.ആറും ഹൈദരാബാദിലെ ഭാരത് ബയോടെക്കും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ
3. അഹമ്മദാബാദിലെ സൈഡസ് കാഡിലയുടെ വാക്സിൻ. ഇതു രണ്ടും ക്ലിനിക്കൽ ട്രയലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു