കോന്നി : സംസ്ഥാനത്തെ 33-ാമത്തെ മെഡിക്കൽ കോളേജ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കുന്നതോടെ മലയോര ജില്ലയുടെ ചികിത്സാ തലസ്ഥാനമായി കോന്നി മാറുകയാണ്. ഓണംകേറാമൂലമായിരുന്ന ആനകുത്തി വട്ടമണ്ണിൽ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ മെഡിക്കൽ കോളേജിൽ ചികിത്സാ സൗകര്യം ലഭ്യമാകുന്നതോടെ ആരോഗ്യമേഖലയിൽ ജില്ലയ്ക്ക് ഏറെ പ്രതീക്ഷകളാണുള്ളത്. എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിക്കുന്നതിന് ഉടൻ തന്നെ മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകും. ഐ.പി വിഭാഗവും ഈ വർഷം പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷ.
സർപ്പിക്കുന്നത് ആശുപത്രി കെട്ടിടവും
അക്കാദമിക് ബ്ളോക്കും
നിർമ്മാണം പൂർത്തീകരിച്ച ആശുപത്രി കെട്ടിടവും അക്കാദമിക് ബ്ളോക്കുമാണ് മുഖ്യമന്ത്റി സർപ്പിക്കുന്നത്.ആശുപത്രി കെട്ടിടത്തിന് 32900 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുണ്ട്. കാഷ്വാലിറ്റി, ഒ.പി, ഐ.പി, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങൾ, ഓപ്പറേഷൻ തീയേറ്ററുകൾ, ക്യാന്റീൻ തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഇവിടെയുണ്ട്. നാലു നിലകളിലായി നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ 10 വാർഡുകളിലായി 300 കിടക്കകളുണ്ട്. അക്കാദമിക് ബ്ളോക്കിന് നാല് നിലകളിലായി 16300 സ്വകയർ മീറ്റർ വിസ്തീർണ്ണമുണ്ട്. വിവിധ ഡിപ്പാർട്ട്മെന്റുകൾ, ക്ലാസ് മുറികൾ, ലാബ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.
തുടക്കം 2012ൽ
2012 മാർച്ച് 24ന് അടൂർ പ്രകാശ് മന്ത്രിയായിരുക്കുമ്പോഴാണ് കോന്നിയിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ സർക്കാർ ഉത്തരവുണ്ടായത്. 2013 മാർച്ച് 23 ന് നിർമ്മാണം തുടങ്ങി, 2015ജൂൺ 22ന് നിർമ്മാണം പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ വിവിധ കാരണങ്ങളാൽ പണികൾ വൈകുകയായിരുന്നു.
അടിസ്ഥാന സൗകര്യങ്ങളും ഒ.പിയും സജ്ജം
മെഡിക്കൽ കോളേജിനോട് ചേർന്ന് ഒന്നര കിലോമീറ്റർ ദൂരത്തിൽ നാലുവരിപ്പാത പൂർത്തിയായിട്ടുണ്ട്. കോന്നിയിൽ നിന്നും പയ്യാനണ്ണിൽ നിന്നുമുള്ള പ്രധാന റോഡുകൾ മെഡിക്കൽ കോളേജ് റോഡായി വികസിപ്പിക്കും. പ്രതിദിനം 50 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന ശുദ്ധജല വിതരണ പദ്ധതി പൂർത്തിയായി. 13.98 കോടി രൂപ ചെലവിൽ ഒരേക്കർ സ്ഥലത്താണ് പദ്ധതി.
എല്ലാവിധ അടിസ്ഥാന സൗകര്യങ്ങോടും കൂടിയുള്ള ഒ.പിയാണ് പ്രവർത്തനം തുടങ്ങുന്നത്. ആവശ്യമായ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും എത്തി. ഇതിനായി എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ലിഫ്റ്റുകളും എൽ.ടി പാനലുകളും ഡീസൽ ജനറേറ്ററും സി.സി.ടി.വി സംവിധാനവും കമ്മിഷൻ ചെയ്തു.
ആദ്യഘട്ടം ജനറൽ ഒ.പി മാത്രം
ജനറൽ ഒ.പി മാത്രമായിരിക്കും ആദ്യഘട്ടത്തിൽ പ്രവർത്തനം തുടങ്ങുന്നത്. ജനറൽ മെഡിസിൻ, സർജറി, പീഡിയാട്രിക്, ഓർത്തോപീഡി, ഇ.എൻ.ടി, ഡെന്റൽ, ഒഫ്താൽമോളജി സേവനങ്ങൾ ആ്യദഘട്ടം ലഭിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പ്രവർത്തന സമയം. ഞായറാഴ്ച അവധി ആയിരിക്കും.നാളെ മുതൽ പൊതുജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കും.
ഡോക്ടർമാരുടെ സേവനം
നാളെ മുതൽ ഏഴ് ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിക്കും. ജനറൽ ഒ.പിയ്ക്ക് പുറമെ തിങ്കളാഴ്ച ജനറൽ മെഡിസിനും ചൊവ്വാഴ്ച ജനറൽ സർജറിയും ബുധനാഴ്ച ശിശുരോഗ വിഭാഗവും വ്യാഴാഴ്ച അസ്ഥിരോഗ വിഭാഗവും വെള്ളിയാഴ്ച ഇ.എൻ.ടിയും ശനിയാഴ്ച ഒഫ്ത്താൽ, ഡെന്റൽ ഒ.പിയും പ്രവർത്തിക്കും. ഇന്ന് പൊതുജനങ്ങൾക്ക് ചികിത്സാ സൗകര്യം ലഭ്യമായിരിക്കില്ല.