ആലപ്പുഴ: കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളായി നഗരസഭകൾ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുത്ത ചെറുകിട റിസോർട്ട്, ഹോം സ്റ്റേ ഉടമകൾ വാടക ലഭിക്കാതെ വലയുന്നു. ക്വാറന്റൈനിൽ കഴിയുന്നവർക്ക് മാസങ്ങളായി താമസമൊരുക്കുന്ന കേന്ദ്രങ്ങളാണ് കാലണ വരുമാനമില്ലാതെ ബുദ്ധിമുട്ടുന്നത്.
ഓണത്തിന് മുമ്പ് കുടിശ്ശിക സഹിതം തീർക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും, സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും കാത്തിരിപ്പ് നീളുകയാണ്. ഇതിനിടെ ഇടിത്തീ പോലെ വൻ തുകകളുടെ വൈദ്യുതി ബില്ലുകളും ലഭിച്ചിട്ടുണ്ട്. നിരീക്ഷണ കേന്ദ്രങ്ങളായതിനാൽ വൈദ്യുതി വിച്ഛേദിച്ചിട്ടില്ല. തുക അടയ്ക്കാൻ സമയവും ലഭിക്കും. എന്നാൽ ഉയരുന്ന സ്ലാബ് നിരക്ക് തുടർന്നുള്ള ബില്ലിംഗിനെയും ബാധിക്കുമെന്നതാണ് പ്രതിസന്ധി. ആലപ്പുഴ നഗരത്തിൽ 71 കേന്ദ്രങ്ങളാണ് ക്വാറന്റൈൻ കേന്ദ്രങ്ങൾക്കായി നഗരസഭ ഏറ്റെടുത്തത്. ഇതിൽ 25 എണ്ണം മാത്രമേ ഉപയോഗിച്ചിട്ടിള്ളൂ. റിസോർട്ട്, ഹോം സ്റ്റേ ഉടമകൾ നൽകുന്ന ബില്ല് തഹസിൽദാർ മുഖേന കളക്ടറേറ്റിൽ സമർപ്പിച്ചിരിക്കുകയാണെന്നും, തുക പാസായി വരാനുള്ള കാലതാമസം മൂലമാണ് വാടക നൽകാൻ സാധിക്കാത്തതെന്നും നഗരസഭ അധികൃതർ പറയുന്നു.
ദുരന്ത നിവാരണ അതോറിട്ടിക്കാണ് തുക പാസാക്കി നൽകാനുള്ള അനുമതി. ഇത് വാങ്ങി നൽകുന്ന ഇടനില ഉത്തരവാദിത്തമാണ് മുനിസിപ്പാലിറ്റിക്കുള്ളതെന്ന് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു.
കൂടുതലും ആരോഗ്യ പ്രവർത്തകർ
ജില്ലയിലെ ആരോഗ്യപ്രവർത്തകരാണ് സൗജന്യ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ താമസിക്കാനെത്തുന്നവരിലധികവും. ഇതിൽ പലർക്കും നിരീക്ഷണത്തിലിരിക്കേ, രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ ടീമും 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കി പോകുമ്പോൾ, മുറികൾ അണുനശീകരണം നടത്തി ഒരാഴ്ചയോളം ഉപയോഗിക്കാതെ ഇടണം. ചെറുകിട റിസോർട്ടുകൾക്ക് പണം ലഭിക്കാൻ വൈകുമ്പോൾ, മറുഭാഗത്ത് വമ്പൻ ഹോട്ടലുകൾക്ക് കൃത്യമായി വാടക എത്തിക്കാൻ അധികൃതർ ശ്രദ്ധിക്കാറുണ്ടെന്നും ആക്ഷേപമുണ്ട്.
71: ആലപ്പുഴ നഗരസഭ ഏറ്റെടുത്ത ക്വാറന്റൈൻ കേന്ദ്രങ്ങളുടെ എണ്ണം
ദുരന്ത നിവാരണ അതേറിട്ടിയാണ് തുക പാസാക്കി നൽകേണ്ടത്. വാടക കൃത്യമായി ലഭിക്കാത്തതിനാൽ നിരവധി റിസോർട്ട് ഉടമകൾ കഷ്ടപ്പെടുന്നുണ്ട്. ആലപ്പുഴ നഗരസഭ കൊവിഡ് പ്രവർത്തനങ്ങൾക്കായി ചിലവഴിച്ച ഒന്നരക്കോടിയിൽ 20 ലക്ഷം രൂപ മാത്രമാണ് ഇതുവരെ പാസായത്. അടിയന്തരമായി റിസോർട്ടുകളുടെ വാടക ലഭ്യമാക്കണം
ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭാ ചെയർമാൻ
മാസങ്ങളായിട്ട് ക്വാറന്റൈൻ കേന്ദ്രമായി പ്രവർത്തിക്കുമ്പോഴും ഒരു രൂപയുടെ പോലും സഹായം ലഭിച്ചിട്ടില്ല. ഓണത്തിന് മുമ്പ് കുടിശ്ശിക സഹിതം നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും അധികൃതർ വാക്കുപാലിച്ചില്ല. പ്രതിദിനം 500 രൂപ നിരക്കിൽ വാടക നിശ്ചയിച്ചാണ് മുറികൾ നഗരസഭ ഏറ്റെടുത്തത്
ചെറുകിട റിസോർട്ട് ഉടമ