ആലപ്പുഴ: വിദ്യാഭ്യാസ കാലഘട്ടത്തിൽ പഠനത്തോടൊപ്പം തന്നെ പ്രാധാന്യം കലയ്ക്കും നൽകാറുണ്ട്. എന്നാൽ പഠനം ഉൾപ്പടെ ഓൺലൈനായി മാറിയ കൊവിഡ് കാലത്ത് നിരവധി കുട്ടികൾക്കാണ് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസാന അവസരം നഷ്ടപ്പെടുന്നത്. സിനിമ അടക്കമുള്ള മേഖലകളിലേക്ക് പലരും വഴി തിരിയാറുള്ളതും കലോത്സവവേദികളിൽ നിന്നാണ്. റവന്യൂ, ജില്ലാ കലോത്സവങ്ങൾക്ക് ഒരുക്കം നടക്കേണ്ട സമയമാണിത്. ഓൺലൈനിൽ കലാപരിശീലനങ്ങൾ നടക്കുന്നുണ്ടെങ്കിലും, നേരിൽ നൽകുന്ന പരിശീലനത്തിന്റെ ഗുണം ഇത്തരം അദ്ധ്യയനത്തിൽ ലഭിക്കില്ലെന്ന് കലാ അദ്ധ്യാപകർ പറയുന്നു.
'നൃത്തപഠനം ഫലവത്താകണമെങ്കിൽ പരിശീലകർ ഒപ്പം നിന്ന് ചുവടുകളും മുദ്രകളും പറഞ്ഞുകൊടുക്കണം. ഇന്ന് ഓൺലൈൻ നൃത്ത മത്സരങ്ങൾ നടക്കുന്നുണ്ട്. അതിൽ വിധി കർത്താവായി പങ്കെടുക്കാറുമുണ്ട്. ഒരോ കലാകാരന്റെയും 10 മിനിട്ട് പ്രകടനത്തിൽ നിന്നാണ് അവരെ വിലയിരുത്തേണ്ടത്. മത്സരം ഓൺലൈനാകുമ്പോൾ, റെക്കാഡ് ചെയ്ത് വരുന്ന വീഡിയോയിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടോ എന്ന് വിധികർത്താവിന് മനസിലാക്കാൻ സാധിക്കില്ല. കലാ പഠനം ആരംഭിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനത്തെ ആശ്രയിക്കാനാവില്ലെന്നതാണ് മറ്റൊരു ന്യൂനത. എന്നാൽ പരിശീലനം തുടരുന്നവർക്ക്, അത് മുടങ്ങാതിരിക്കാനുള്ള നിലവിലെ മികച്ച സാധ്യത ഓൺലൈൻ തന്നെയാണ്. സ്കൂൾ കലോത്സവത്തിലെ പ്രകടനം എന്ന വലിയ സ്വപ്നം മനസിൽകൊണ്ടുനടക്കുന്ന നിരവധികുട്ടികളുണ്ട്. അവരുടെ അവസരം നഷ്ടമാകുന്നത് സങ്കടകരമാണ്'
ദേവിചന്ദന, ചലച്ചിത്ര താരം, നൃത്താദ്ധ്യാപിക, നൃപാലയ സ്കൂൾ ഓഫ് ഡാൻസ്, ആലപ്പുഴ
'കലാപഠനവും, പ്രകടനങ്ങളും പൂർണമായി നഷ്ടപ്പെട്ട അദ്ധ്യയനവർഷമാണ് നടക്കുന്നത്. അവസാനപാദത്തിലേക്ക് കടന്ന ഈ സമയം റവന്യൂ, ജില്ലാ മത്സരങ്ങൾക്കുള്ള ഒരുക്കം നടക്കേണ്ടതാണ്. ഈ വർഷം കുട്ടികൾക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷയില്ല. അവസാന വർഷ വിദ്യാർത്ഥികൾക്കാണ് വലിയ നഷ്ടം. മത്സരിച്ച് ലഭിക്കുന്ന ഗ്രേസ് മാർക്കും ഇത്തവണയുണ്ടാവില്ല. വാദ്യകല ഓൺലൈനിൽ പഠിപ്പിക്കുക പ്രായോഗികമല്ല. കഴിഞ്ഞ 25 വർഷത്തിനിടെ ഇതാദ്യമായാണ് കലോത്സവങ്ങളില്ലാത്ത അദ്ധ്യയനവർഷം കടന്നുപോകുന്നത്'
തിരുവമ്പാടി അനിൽ, മൃദംഗ പരിശീലകൻ
'ബാറും, ജിമ്മും തുറക്കുമ്പോഴും, കലാപരിശീലന വിദ്യാലയങ്ങളെക്കുറിച്ച് സർക്കാർ ഒരക്ഷരം മിണ്ടുന്നില്ല. കലാമേഖലയെ ആശ്രയിക്കുന്ന നിരവധിപ്പേരാണ് ജോലിക്ക് വേണ്ടി അലയുന്നത്. സ്റ്റേജ് പരിപാടികളില്ലാത്തിടത്തോളം മേക്കപ്പ് കലാകാരന്മാർക്ക് വരുമാനമില്ല. വേഷച്ചമയങ്ങളോടെ പ്രകടനം കാഴ്ച്ചവയ്ക്കുക എന്നത് ഓരോ കലാകാരന്റെയും സ്വപ്നമാണ്. കലോത്സവങ്ങൾക്കുള്ള ചമയങ്ങളും, വസ്ത്രങ്ങളും തയാറാക്കുന്ന തിരക്കിലാണ് പൊതുവേ സെപ്തംബർ, ഒക്ടോബർ മാസങ്ങൾ കടന്നുപോവുക. എന്നാൽ ഇത്തവണ ഒന്നിനും അവസരമില്ല. വാടക പോലും കൊടുക്കാനില്ലാതെ കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയിലാണ് പലരും'
ബിബിൻ മാനുവൽ, മേക്കപ്പ് ആർടിസ്റ്റ്