കോഴിക്കോട് : സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കുന്നതു വരെ പ്രതിഷേധ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കെ.മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിമാരുമായി മാത്രമല്ല മന്ത്രിപുത്രന്മാരുമായും സ്വപ്നയ്ക്ക് ലിങ്കുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. മന്ത്രിപുത്രനും ലൈഫ് മിഷൻ കമ്മിഷൻ പറ്റിയെന്നത് സർക്കാർ അന്വേഷിക്കണം.
മന്ത്രി ജലീൽ രാജിവച്ചില്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണം. സ്വർണക്കടത്ത് കേസിൽ ഇ. ഡി യുടെ ചോദ്യം ചെയ്യലിന് വിധേയനായ ഇന്ത്യയിലെ ആദ്യത്തെ മന്ത്രിയാണ് ജലീൽ.
ആരോപണവിധേയരായപ്പോൾ പിണറായി മന്ത്രിസഭയിൽ നിന്ന് ഇ.പി. ജയരാജൻ, എ.കെ ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവർ നേരത്തെ രാജിവച്ചിരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗത്തിനില്ലാത്ത എന്ത് പരിഗണനയാണ് ജലീലിന്റെ കാര്യത്തിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
സ്വർണക്കടത്തിന്റെ പേരിൽ രാജ്യത്തെ ഒരു കോൺഗ്രസ് നേതാവിനെയും കേന്ദ്ര ഏജൻസി ചോദ്യം ചെയ്തിട്ടില്ല. മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയോ എന്ന സംശയം ഉയരാൻ കാരണം ജലീലായതു കൊണ്ടുതന്നെയാണെന്നും മുരളീധരൻ പറഞ്ഞു.