കൊച്ചി: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസായ നീറ്റ് കനത്ത സുരക്ഷയോടെ ജില്ലയിൽ നടന്നു.34 സെന്ററുകളിലായി 9992 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 13,299 കുട്ടികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 3258 പേർ ഹാജരായില്ല. മുൻ വർഷങ്ങളിലും രജിസ്റ്റർ ചെയ്യുന്നവരുടെയും പരീക്ഷ എഴുതുന്നവരുടെയും എണ്ണത്തിൽ കുറവ് വരാറുണ്ടെങ്കിലും ഇക്കുറി കാര്യമായ കുറവുണ്ടായില്ല. പരീക്ഷാ സെന്ററുകളെ മൂന്ന് കേന്ദ്രങ്ങളായി തിരിച്ചിരുന്നു. ഒരു ഹാളിൽ 12 വിദ്യാർത്ഥികളെ മാത്രമാണ് ഇരുത്തിയത്. ഒരോ സെന്ററിനും മൂന്നു സിറ്റി കോ ഓഡിനേറ്റർമാർക്ക് ചുമതലയുണ്ടായിരുന്നു. ഒരോ ക്ലാസ് മുറിയിലും രണ്ടു അദ്ധ്യാപകർക്കായിരുന്നു മേൽനോട്ട ചുമതല.
പഴുതടച്ച
സുരക്ഷാ മുൻകരുതൽ
കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നീറ്റ് പരീക്ഷയ്ക്കായി ഒരുക്കിയതെന്ന് നീറ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ എ ഫ്രാൻസിസ് പറഞ്ഞു. പരീക്ഷയ്ക്കു മുമ്പും ശേഷവും എല്ലാ പരീക്ഷ സെന്ററുകളും ക്ലാസ് റൂമുകളും അണുനശീകരണം നടത്തി. പരീക്ഷ നിയന്ത്രിക്കാനെത്തുന്ന അദ്ധ്യാപകർക്ക് മാസ്ക്, ഫേസ് ഷീൽഡ്, സാനിറ്റൈസർ എന്നിവ നൽകി. കുട്ടികൾക്ക് മാസ്കുകളും സാനിറ്റൈസറും നൽകിയാണ് പരീക്ഷ എഴുതിച്ചത്. പരീക്ഷ നടക്കുന്ന ക്ലാസ് റൂമുകളിൽ സാനിറ്റൈസർ, തെർമൽ സ്കാനർ ഉൾപ്പെടെ സജ്ജീകരിച്ചിരുന്നു. തിരക്ക് ഒഴിവാക്കാൻ നിശ്ചിത സമയം നൽകി ബാച്ച് തിരിച്ചാണ് സ്കൂളിൽ പ്രവേശനം അനുവദിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാനും ബാച്ച് തിരിച്ചിരുന്നു.
ഐസൊലേഷനിൽ
മൂന്നു പേർ
കൊവിഡ് രോഗലക്ഷണങ്ങളുള്ള മൂന്നു വിദ്യാർത്ഥികൾ പ്രത്യേകം സജ്ജീകരിച്ച ഐസോലേഷൻ റൂമിലാണ് പരീക്ഷ എഴുതിയത്. അങ്കമാലിയിലെ സ്കൂളിലാണ് ഇവർക്ക് സൗകര്യമൊരുക്കിയത്. ചുമതലയുള്ള അദ്ധ്യാപകർക്ക് പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സാമഗ്രികൾ നൽകിയിരുന്നു.