തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദിച്ചത് എന്തെല്ലാമെന്ന് വെളിപ്പെടുത്താൽ താത്പര്യമില്ലെന്ന് മന്ത്രി കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചോദ്യം ചെയ്യൽ മന്ത്രി മൂടിവയ്ക്കാൻ ശ്രമിച്ചെന്ന ആക്ഷേപങ്ങൾക്കുള്ള മറുപടിയായിട്ടാണ് പ്രതികരണം.
'എന്നെക്കുറിച്ച് കെട്ടുകഥകളും നുണകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ല. മറച്ചുവയ്ക്കേണ്ടത് മറച്ചും പറയേണ്ടത് പറഞ്ഞുമാണ് എല്ലാ ധർമ്മ യുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവർക്ക് ജീവനുള്ളടുത്തോളം മറക്കാനാവില്ല. പല മാദ്ധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോദ്ധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പക തീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു- മന്ത്രി പറയുന്നു.
വീട്ടിൽ ആളുകളുടെ നിവേദനങ്ങൾ പരിശോധിക്കുന്നതിന്റെ ചിത്രങ്ങളും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.