കോലഞ്ചേരി: ഓണം കഴിഞ്ഞതോടെ കുടുംബ ബഡ്ജറ്റുകളെ താളം തെറ്റിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു. ഉള്ളി വില ആളുകളെ വീണ്ടും കരയിപ്പിക്കും,അത്ര വേഗത്തിലാണ് വില കുതിക്കുന്നത്. ഒരു കിലോ ചെറിയ ഉള്ളിക്ക് പൊതുമാർക്കറ്റിലെ വില 70 രൂപയായി. ഒറ്റയടിക്ക് 30 രൂപയാണ് കൂടിയത്. സവാള വില ഒറ്റ ചാട്ടത്തിൽ 15 രൂപ കൂടി 35രൂപയിൽ എത്തി. വെളുത്തുള്ളി 80രൂപയിൽ നിന്നും 120 രൂപയായി.
മുട്ടയ്ക്ക് മുട്ടൻ വിലയാണ്. പൊതുമാർക്കറ്റിൽ 4.50 രൂപ ഉണ്ടായിരുന്ന മുട്ട ആറ് രൂപയിൽ എത്തി നിൽക്കുകയാണ്. വരും ദിവസങ്ങൾ വില കൂടുമെന്ന് മാർക്കറ്റിൽ നിന്നും ലഭിക്കുന്ന വിവരം. തേങ്ങ വില ഹാഫ് സെഞ്ച്വറി പിന്നിട്ടു. കിലോ 44രൂപയായിരുന്നു ഓണത്തിന് മുമ്പത്തെ വില.
തക്കാളി വില കിലോ 60 രൂപയാണ് വില. വറ്റൽ മുളക് 20 രൂപ കൂടി. 142 രൂപയാണ് മാർക്കറ്റ് വില.
പരിപ്പ് വില താരതമ്യേന കുറവാണ്. ഓണത്തിന് സർക്കാർ സംവിധാനങ്ങൾ വില നിയന്ത്രണത്തിനായി വിപണിയിൽ ശക്തമായ ഇടപെടൽ നടത്തിയിരുന്നു. കൊവിഡ് വ്യാപന പാശ്ചാത്തലത്തിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് മൊത്ത വിപണന ലോബി വില കുത്തനെ കൂട്ടുന്നതാണ് വിലക്കറയറ്രത്തിന് കാരണമെന്നാണ് പ്രധാന ആരോപണം. ഉത്പന്നങ്ങളുമായി വാഹനങ്ങൾ എത്തുന്നില്ലെന്നുമാണ് മൊത്ത വ്യാപാരികൾ പറയുന്നത്.