ചേർത്തല:എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ വ്യാജ ഒപ്പിട്ട് നാമനിർദ്ദേശ പത്രിക നൽകിയെന്നും ഇവർക്കെതിരെ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി ആലപ്പുഴ ജില്ലാ കമ്മറ്റി ചീഫ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.
ചേർത്തല എസ്.എൻ കോളേജിൽ 3(ഡി) വിഭാഗത്തിൽ 26ന് നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ഒൗദ്യോഗിക പാനലിന് എതിരായി 115 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്.ഇതിൽ ചെങ്ങന്നൂരിൽ നിന്ന് മാത്രം നൽകിയ 12 പത്രികകൾ അംഗങ്ങൾ അറിയാതെയാണ് നൽകിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.തങ്ങളുടെ പേരിൽ വ്യാജമായി നിർമ്മിച്ച് ഒപ്പിട്ട് സമർപ്പിച്ച അപേക്ഷകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ അപേക്ഷ നൽകിയിട്ടുണ്ട്. വ്യാജ അപേക്ഷ സമർപ്പിച്ചവർക്കെതിരെ നിയമനടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
സമാനമായി കൊല്ലത്ത് 3(ഇ) വിഭാഗത്തിൽ, മരിച്ചയാളുടെ പേരിലും പത്രിക നൽകി.
വ്യാജ സ്ഥാനാർത്ഥികൾ, പത്രികയിൽ ഒപ്പിട്ടവർ, അവരെ പിൻതാങ്ങിയവർ എന്നിവർക്കെതിരെ ക്രിമിനൽ നടപടി പ്രകരം കേസെടുക്കാൻ നിർദ്ദേശം നൽകണമെന്നും സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എം.മനോജ്,സെക്രട്ടറി ജയൻ സുരേന്ദ്രൻ എന്നിവർ ചീഫ് റിട്ടേണിംഗ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു.