പത്തനംതിട്ട: അഞ്ച് വർഷമായി ജാനകിഅമ്മ (92) മയിൽസ്വാമിയെ നോക്കിയിരുന്നത് മക്കളെക്കാൾ പൊന്നുപോലെയാണ്. ഒന്നിനും ഒരു കുറവും വരുത്തിയില്ല. വേലക്കാരയുടെ സഹായി ആയി വന്നയാളെ വീട്ടിനുള്ളിൽ കയറ്റിയിരുത്തി ചോറു വിളമ്പി, സ്നേഹം വുളമ്പി...പക്ഷെ, ഒരു തെറ്റും ചെയ്യാത്ത ജാനകിയെ മയിൽ സ്വാമി വീട്ടിലെ കറിക്കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ എട്ടിന് നാടിനെ നടുക്കിയ കൊലപാതകം നടന്നത് പത്തനംതിട്ട നഗരത്തിൽ നിന്ന് അധികം ദൂരയല്ലാത്ത കുമ്പഴയിലാണ്. മയിൽസ്വാമി എന്തിന് ജാനകിയെ കൊന്നു എന്നതായിരുന്നു നാട്ടുകാരുടെ ചോദ്യം. തലങ്ങും വിലങ്ങും പൊലീസ് ചോദ്യം ചെയ്തിട്ടും അയാൾക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, 'എനിക്ക് ജയിലിൽ പോകണം. അവിടെ സുഖമായി കഴിയാമല്ലോ'. അതിന് ജാനകിയോട് എന്തിനീ കിരാത കൃത്യം ചെയ്തുവെന്ന് പൊലീസ് ആവർത്തിച്ചു ചോദിച്ചിട്ടും മയിൽസ്വാമി മിണ്ടിയില്ല.
യഥാർത്ഥത്തിൽ മയിൽസ്വാമിക്ക് ജാനകിയോടെ ഒരു വെറുപ്പും ഉണ്ടായിരുന്നില്ല. ശത്രുത എല്ലാം ജാനകിയുടെ വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ടുവന്ന പുഷ്പ എന്ന ഭൂപതിയോടായിരുന്നു. തന്റെ പണവും സ്വർണമാലയും സൂക്ഷിക്കാനേൽപ്പിച്ച ഭൂപതി അതൊന്നും മയിൽസ്വാമിക്ക് തിരിച്ചുകൊടുത്തില്ലത്രെ. ഭൂപതിയോടുള്ള വെറുപ്പിൽ നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മാനസിക പ്രശ്നത്തിന് ചികിത്സ തേടുകയും ചെയ്തിട്ടുള്ള മയിൽസ്വാമി തനിക്ക് ജയിലിൽ പോകണമെന്ന് തോന്നിയപ്പോൾ സംഭവ ദിവസം വീട്ടിലുണ്ടായിരുന്ന ജാനകിയെ കൊലപ്പെടുത്തുകയായിരുന്നു. ഒരു പക്ഷെ, ജാനകിയുടെ വിധി ഭൂപതിയ്ക്കായിരുന്നു കിട്ടേണ്ടിയിരുന്നത്. സംഭവസമയം ഭൂപതി അടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയതിനാൽ അവർ ജീവനോടെയിരിക്കുന്നു.
മനയത്ത് വീട്ടിലെ 'അമ്മയും മകനും'
മയിൽസ്വാമിയെ ജാനകി മക്കളെക്കാൾ ഇഷ്ടപ്പെടാൻ കാരണങ്ങളേറെയുണ്ട്. വീട്ടിലെ എന്തു കാര്യവും ആത്മാർത്ഥതയോടെ അയാൾ ചെയ്യുമായിരുന്നു. ജാനകിയ്ക്ക് എന്താവശ്യം വന്നാലും നടത്തിക്കൊടുക്കും. സ്വന്തം അമ്മയെപ്പോലെ അയാൾ ജാനകിയെ കണ്ടു. വീട് വൃത്തിയാക്കാൻ, മുറ്റത്തെ പുല്ല് ചെത്താൻ, കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാൻ, മരുന്നുവാങ്ങാൻ.... ഒട്ടും സമയം പാഴാക്കാതെ എന്തുപറഞ്ഞാലും ചെയ്തുകൊാടുക്കുന്ന മയിൽസ്വാമി ജാനകിക്ക് 'മകൻ' ആയിരുന്നു. ജാനകിയുടെ മൂന്നു മക്കൾ വിശാഖപട്ടണത്തും ഇലവുംതിട്ടയിലും എറണാകളത്തുമാണ് താമസം. ഇടയ്ക്കിടെ അവർ അമ്മയെ കാണാനെത്തും. ഒാർമ്മക്കുറവുണ്ടായിരുന്നതുകൊണ്ട് ചെലവിനുള്ള പണം അവർ ഭൂപതിയെ ഏൽപ്പിക്കുമായിരുന്നു. വേലക്കാരിയെന്ന നിലയിൽ ജാനകിക്കും മക്കൾക്കും വിശ്വസ്തയായിരുന്നു ഭൂപതി.
മയിൽസ്വാമി റിമാൻഡിൽ
അറസ്റ്റിലായ മയിൽസ്വാമിയെ റിമാൻഡ് ചെയ്തു. മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയല്ല അയാൾ ജാനകിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. വീടിന്റെ സ്വീകരണമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു ജാനകി. താൻ ജാനകിയെ കൊന്നുവെന്നും പൊലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ട് അയാൾ അടുത്ത വീട്ടിലെ സ്ത്രീയോട് പറഞ്ഞ ശേഷം ജാനകിയുടെ വീട്ടിൽ കയറി കതകടച്ചു.
ഭൂപതിയോടുള്ള വെറുപ്പ്
ജാനകിയെക്കാൾ മയിൽസ്വാമിക്ക് ഭൂപതിയോടായിരുന്നു വെറുപ്പ്. കൊലപാതകത്തിന് മുൻപ് അയാൾ ഒരു കത്ത് എഴുതിവച്ചിരുന്നു. ഭൂപതിയെ എനിക്ക് തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല എന്നാണ് കത്തിലെ തുടക്കം. മയിൽസ്വാമിക്ക് ഭൂപതിയെ കല്ല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതു പലരോടും തുറന്നു പറഞ്ഞിരുന്നു. എല്ലാം അയാളുടെ വട്ട് എന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോൾ ഭൂപതിയുടെ പ്രതികരണം. ഭൂപതിയെ കല്ല്യാണം കഴിക്കാൻ പറ്റാത്തതിലുള്ള സങ്കടവും ഭൂപതിയെ മറ്റുപലരുമായി ചേർത്ത് സംശയിച്ചിരുന്നതും മയിൽസ്വാമിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചുവെന്നാണ് പൊലീസ് അനുമാനിക്കുന്നത്.