കൊല്ലം: കൊവിഡ് മാനദണ്ഡം പാലിച്ച് കർശന നിയന്ത്രണങ്ങളുടെ വലയത്തിൽ വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയെഴുതി. എല്ലാ പരീക്ഷാ കേന്ദ്രങ്ങളുടെയും ചുമതല വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് വിഭജിച്ച് നൽകിയിരുന്നു. പരീക്ഷയെഴുതുന്ന കുട്ടികളുടെ വിവരങ്ങൾ പൊലീസ് മുൻകൂട്ടി പരിശോധിച്ചാണ് അവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയത്. കുട്ടികൾക്കൊപ്പമെത്തിയ രക്ഷിതാക്കൾ കൂട്ടം കൂടാതിരിക്കാനുള്ള ക്രമീകരങ്ങളും നടത്തിയിരുന്നു.
എല്ലാ കേന്ദ്രങ്ങളിലും തെർമൽ സ്ക്രീനിംഗ് ഉറപ്പാക്കി. സാമൂഹ്യഅകലം ഉറപ്പുവരുത്തേണ്ടതിനാൽ ക്ലാസ് മുറികളിൽ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ് കുട്ടികൾ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങിയാലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ ഓരോ ക്ലാസിൽ നിന്നും പുറത്തേക്കിറങ്ങേണ്ട സമയം മുൻകൂട്ടി നിശ്ചയിച്ച് നൽകി. മുൻകൂട്ടി തയ്യാറാക്കിയ ചെക്ക് ലിസ്റ്റ് പ്രകാരം വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് പ്രത്യേക പദ്ധതി തയ്യാറാക്കിയാണ് കൊല്ലം റൂറൽ പൊലീസ് ജില്ലയിലെ 16 പരീക്ഷാ കേന്ദ്രങ്ങളിലും പൊലീസിനെ വിന്യസിച്ചത്. സമാനമായ ഇടപെടലുകൾ കൊല്ലം സിറ്റിയിലുമുണ്ടായി.