തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലും മറ്റ് ഗവ. ആശുപത്രികളിലുമുള്ള കിടക്കകളും മറ്റ് ഉപകരണങ്ങളും നന്നാക്കാനും ചൂണ്ടൽ പഞ്ചായത്തിലെ വീടുകളുടേയും സ്ഥാപനങ്ങളുടേയും മാപ്പിംഗ് നടത്താനുമെല്ലാം മുന്നിട്ടിറങ്ങുമ്പോൾ ശ്രീഹരി എം. നായർ ഒരിക്കലും അംഗീകാരങ്ങൾ പ്രതീക്ഷിച്ചിട്ടില്ല.
പക്ഷേ, കേന്ദ്രയുവജനക്ഷേമ മന്ത്രാലയം ശ്രീഹരിയുടെ സേവനം കണ്ടറിഞ്ഞ്, മികച്ച എൻ.എസ്.എസ് വോളന്റിയറായി തിരഞ്ഞെടുത്തു.
2018 -2019 വർഷത്തെ നാഷണൽ സർവീസ് സ്കീം ദേശീയ അവാർഡ് നേടിയ രണ്ട് മലയാളി വിദ്യാർത്ഥികളിൽ ഒരാളാണ് ശ്രീഹരി. കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥി. കഴിഞ്ഞ വർഷം എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിനെ പ്രതിനിധീകരിച്ച് ഡൽഹി റിപ്പബ്ലിക് പരേഡിലും രാജ്യത്തിൻ്റെ പ്രതിനിധിയായി വിയറ്റ്നാമിൽ നടന്ന ഇന്ത്യൻ യൂത്ത് ഡെലിഗേഷൻ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. പഞ്ചായത്തിലെ കുടിവെള്ള സ്രോതസുകൾ കണ്ടെത്താനും വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനും ഉതകുന്ന ജി.ഐ.എസ് മാപ്പിംഗ് നടത്തിയതും മെഡിക്കൽ ഉപകരണങ്ങളുടെ പുനരുജ്ജീവനവും ക്യാമ്പുകളുടെ സംഘാടനവും അടക്കമുള്ള പ്രവർത്തനം പരിഗണിച്ചാണ് പുരസ്കാരനിർണ്ണയം. സംസ്ഥാനതലത്തിലും ടെക്നിക്കൽ എജ്യുക്കേഷൻ തലത്തിലും മികവ് പുലർത്തിയിരുന്നു.
വിദ്യ എൻജിയറിംഗ് കോളേജിനും എൻ.എസ്.എസ് യൂണിറ്റിനും ദേശീയപുരസ്കാരത്തിൻ്റെ തിളക്കം പകർന്നാണ്, ഈ വർഷം ശ്രീഹരി ബിരുദപഠനം പൂർത്തിയാക്കുന്നത്. ഇരിങ്ങാലക്കുട തൊമ്മാന കടുപ്പശ്ശേരി ആറ്റൂർ വീട്ടിൽ എം.ജി മണികണ്ഠൻ രതിദേവി ദമ്പതികളുടെ മകനാണ് ശ്രീഹരി.
അവാർഡ് സമർപ്പണം ചെന്നൈയിൽ
കൊവിഡ് വ്യാപനം കാരണം ന്യൂഡൽഹിയിൽ നിന്ന് അവാർഡ്സമർപ്പണം മാറ്റി. ചെന്നൈയിൽ നാഷണൽ ഇൻഫർമേഷൻ സെൻ്റർ 24 ന് അവാർഡ് സമർപ്പണം നടക്കുമെന്നാണ് വിവരം. മെമൻ്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എം.ജി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ഗോകുൽ ദിലീപ്, കണ്ണൂരിലുള്ള ഹയർസെക്കൻഡറി സ്കൂളിലെ പ്രോഗ്രാം ഓഫീസർ എന്നിവർക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്.
" എൻ.എസ്.എസ് ടെക്നിക്കൽ സെൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്. അജിത, പ്രിൻസിപ്പൽ ഡോ. സി.ബി സജി , അക്കാഡമിക് ഡീൻ ഡോ. സുധ ബാലഗോപാലൻ, കോളേജ് പ്രോഗ്രാം ഓഫീസർ എം. അനിൽ എന്നിവരുടെ പൂർണ്ണ പിന്തുണയോടെയാണ് ഈ പുരസ്കാരം ലഭിച്ചത്. ഡിഫൻസിൽ ജോലി ലഭിക്കണമെന്നാണ് ആഗ്രഹം.
ശ്രീഹരി എം.നായർ