തൃശൂർ: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ അദ്ദേഹത്തിന് വഴിനീളെ കരിങ്കൊടി. കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് തൃശൂരിലെ പെരുമ്പിലാവ്, പുഴയ്ക്കൽ, കിഴക്കേ കോട്ട, പാല്യേക്കര ടോൾ പ്ളാസ എന്നിവിടങ്ങളിൽ കരിങ്കൊടി കാണിച്ചത്. വളാഞ്ചേരിയിൽ നിന്നും വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ജലീൽ അഞ്ചോടെയാണ് തൃശൂരിലൂടെ കടന്നുപോയത്. വഴിയിൽ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. പലയിടത്തും കരിങ്കൊടി കാണിക്കാൻ നിന്ന പ്രവർത്തകർ വാഹനം തടയാനും ശ്രമിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജെറോം ജോൺ, കെ.എസ്.യു ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡ് എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷം അറസ്റ്റ് ചെയ്തു.