തൃശൂർ: തൃശൂരിൽ നിന്ന് നേതൃപദവിയിലേക്ക് ചെറുപ്പക്കാരുടെ മുന്നേറ്റമുണ്ടായതോടെ കോൺഗ്രസിൽ യാഥാർത്ഥ്യമായത് തലമുറ മാറ്റം. കെ.പി.സി.സി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കടന്നുവന്നത് കെ.എസ്.യു, യൂത്ത് കോൺഗ്രസിലൂടെ ശ്രദ്ധേയരായ യുവനിരയാണ്.
പുതിയ ഭാരവാഹി പട്ടികയിലുള്ള 11 പേരും യുവജന വിദ്യാർത്ഥി നേതാക്കന്മാർ ആണ്. അനുഭവസമ്പത്തും പ്രവർത്തന പരിചയവും ഉള്ള ചെറുപ്പക്കാർ നേതൃത്വത്തിലേക്ക് എത്തിച്ചേരുമ്പോൾ ജില്ലയിലെ കോൺഗ്രസിൻ്റെ പ്രതാപകാലം തിരിച്ചുവരുമെന്നുളള പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വവും അണികളും. യുവജന വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഡി.സി.സി. പ്രസിഡൻ്റ് എം.പി വിൻസെൻ്റും കടന്നുവന്നത്. പുതിയ പ്രസിഡൻ്റിന് താങ്ങും തണലുമാവാൻ ഇവർക്ക് കഴിയുമെന്ന പ്രത്യാശയും നേതാക്കൾ പങ്കിടുന്നു. ടി. യു രാധാകൃഷ്ണൻ, സുനിൽ അന്തിക്കാട്, സി. എസ് ശ്രീനിവാസൻ, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, അഡ്വ. ഷാജികോടങ്കണ്ടത്ത്, സി. സി ശ്രീകുമാർ, കെ.ബി ശശികുമാർ, ജോൺ ഡാനിയേൽ, ടി.ജെ സനീഷ് കുമാർ, , എ. പ്രസാദ്,
എന്നിവരാണ് കെ.പി.സി.സി സെക്രട്ടറിമാർ. തേറമ്പിൽ രാമകൃഷ്ണൻ, കെ. പി വിശ്വനാഥൻ, ജോസഫ് ടാജറ്റ് എന്നിവരെ കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്.