വിതുര: സംസ്ഥാന ആഭ്യന്തര വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആദ്യത്തെ അമിനിറ്റി സെന്ററിന് വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ തറക്കല്ലിട്ടു. കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് അമിനിറ്റി സെന്റർ നിർമ്മിക്കുന്നത്. ഓഫീസ് മുറി, ലൈബ്രറി, കുട്ടികൾക്കുള്ള വിശ്രമമുറി, ടോയ്ലെറ്റ് എന്നിവയാണ് സെന്ററിലുള്ളത്. 2010 ആഗസ്റ്റ് 2ന് സംസ്ഥാനത്ത് ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ഇന്ന് മിക്ക സംസ്ഥാനങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന ഉത്തരവാദിത്തമുള്ള ഒരു തലമുറയെ വാർത്തെടുക്കലാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് നിരവധി മാതൃകാ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ എസ്.പി.സി യൂണിറ്റുകളിൽ ഒന്നാണ് വിതുര സ്കൂളിലേത്. 2012ൽ വിതുര സ്കൂളിൽ ആരംഭിച്ച യൂണിറ്റിന് നിരവധി അംഗീകാരങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുതിയ അമിനിറ്റി സെന്ററെന്ന് കെ.എസ്. ശബരീനാഥൻ പറഞ്ഞു.