ബ്രിട്ടനിൽ കൊവിഡ് വാക്സിൻ പരീക്ഷണത്തിനു സന്നദ്ധനായ ഒരാൾക്ക് അജ്ഞാതരോഗം ബാധിച്ചതിനെത്തുടർന്ന് നിറുത്തിവച്ച പരീക്ഷണം എല്ലാ മുൻകരുതലുമെടുത്ത് കഴിഞ്ഞ ദിവസം പുനരാരംഭിച്ചെന്ന വാർത്ത വളരെയധികം ആശ്വാസത്തോടെയാണ് ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും ശ്രവിച്ചത്. മനുഷ്യകുലത്തിന്റെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞ കൊവിഡ് മഹാമാരിക്കെതിരെ ഫലപ്രദമായ ഔഷധങ്ങളൊന്നും ഇതുവരെ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ആകെയുള്ള പ്രതീക്ഷ പ്രതിരോധ വാക്സിനിലാണ്.
വികസിത രാജ്യങ്ങളുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും വാക്സിനു വേണ്ടിയുള്ള ഗവേഷണ - പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും സർക്കാർ തലത്തിലും അല്ലാതെയും വാക്സിൻ കണ്ടെത്താനുള്ള ഗവേഷണം പുരോഗമിക്കുകയാണ്. ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രസെനകയും ചേർന്നു നടത്തിവന്ന കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് അപ്രതീക്ഷിതമായി നിറുത്തിവയ്ക്കേണ്ടി വന്നത്. സ്ഥിതിഗതികൾ സവിസ്തരം അപഗ്രഥിച്ച ശേഷമാണ് പരീക്ഷണം തുടരാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ തീരുമാനമെടുത്തത്. ഓക്സ്ഫോർഡിന്റെ പരീക്ഷണങ്ങളിൽ ഇന്ത്യയും പങ്കാളികളായതിനാൽ അതിന്റെ വിജയം നമ്മളും ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്.
പരീക്ഷണം പൂർണ വിജയമെന്നു കണ്ടാൽ അടുത്ത മാർച്ച് മാസത്തോടെ ഇന്ത്യയിലും കൊവിഡ് വാക്സിൻ വിപണിയിലെത്തിക്കാനാവുമെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി ഡോ. ഹർഷ്വർദ്ധൻ ഞായറാഴ്ച അറിയിച്ചത്. വാക്സിൻ ആദ്യഘട്ടത്തിൽ നൽകേണ്ട മുൻഗണനാ വിഭാഗങ്ങളെ നിശ്ചയിക്കേണ്ടതുണ്ട്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, വയോജനങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു. വിപുലമായ തോതിൽ വാക്സിൻ നൽകുന്നതിനുള്ള മുന്നൊരുക്കങ്ങളും പ്രധാനമാണ്. അതിനുള്ള ഏർപ്പാടുകൾ നേരത്തെ തന്നെ തുടങ്ങുകയും വേണം. രാജ്യത്ത് പല ലാബുകളിലും ഗവേഷണ - പരീക്ഷണങ്ങൾ നടക്കുന്നതിനാൽ ഏറ്റവും ഫലമെന്നു കാണുന്ന വാക്സിനായിരിക്കും ഉപയോഗപ്പെടുത്തുക എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഒരുവിധ സന്ദേഹവും ജനിക്കാതിരിക്കാൻ ആദ്യം താൻ തന്നെയാകും വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരികയെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അഭിനന്ദനാർഹമായ കാര്യം തന്നെയാണിത്. വാക്സിനേഷനുമായി ബന്ധപ്പെട്ട് ജനവിഭാഗങ്ങൾക്കിടയിൽ കുറെപ്പേരിലെങ്കിലുമുള്ള ഭയാശങ്കകൾ അകറ്റാൻ മന്ത്രി ഹർഷ് വർദ്ധന്റെ ഈ പ്രഖ്യാപനം തീർച്ചയായും ഉപകരിക്കും. അധികാര സ്ഥാനത്തിരിക്കുന്നവർ ജനങ്ങൾക്ക് മാതൃക കാണിക്കേണ്ടത് സ്വന്തം പ്രവൃത്തിയിലൂടെയാണെന്നു പറയാറുണ്ട്. വാക്സിൻ പ്രയോഗത്തിൽ കേന്ദ്രമന്ത്രിയുടെ നിലപാട് ഏറെ പ്രശംസാർഹമാകുന്നത് അതുകൊണ്ടാണ്. 135 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ആവശ്യക്കാർക്കെല്ലാം വാക്സിൻ നൽകുകയെന്നത് അതീവ ശ്രമകരമായ ദൗത്യം തന്നെയാകും. വളരെയധികം ആസൂത്രണവും ഒരുക്കങ്ങളും ആരോഗ്യ പ്രവർത്തകരുടെ കഠിനാദ്ധ്വാനവും ആവശ്യമായ ദൗത്യമാണിത്. അതിഭീമമായ ചെലവും ഇതിനായി വേണ്ടിവരും. ചെലവ് എത്ര ഭീമമാണെങ്കിലും അതു കണ്ടെത്തിയേ മതിയാവൂ. അതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വാർഷിക ബഡ്ജറ്റുകൾ ഉടച്ചുവാർക്കേണ്ടിവരും. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ഒരുഘട്ടം കൂടി കഴിഞ്ഞാലേ അത് വിപണിയിൽ എത്തിക്കാനാവൂ. പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നാംഘട്ട പരീക്ഷണം രണ്ടുദിവസത്തിനുള്ളിൽ പുനരാരംഭിക്കുമെന്നാണു അറിയിപ്പ്.
അമേരിക്ക കഴിഞ്ഞാൽ കൊവിഡ് രോഗികൾ ഏറ്റവുമധികമുള്ള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. 47 ലക്ഷം പേർക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ദിവസവും ഒരുലക്ഷത്തിനോടടുത്താണ് പുതിയ രോഗികൾ. മരണം എൺപതിനായിരത്തോട് അടുക്കുകയാണ്. ധനിക - ദരിദ്ര, പണ്ഡിത - പാമര, ആൺ - പെൺ വ്യത്യാസമില്ലാതെ സർവരെയും പിടികൂടുന്ന കൊവിഡ് ഭീകരനിൽ നിന്നുള്ള പൂർണമുക്തി ഫലപ്രദമായ വാക്സിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇനിയും ആറുമാസമെങ്കിലും അതിനായി ക്ഷമയോടെ കാത്തിരിക്കേണ്ടിവരും. രാജ്യത്ത് മൂന്നിടങ്ങളിൽ വാക്സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിന്റെ അവസാനമെത്തിയിട്ടേ ഉള്ളൂ. ഓക്സ്ഫോർഡ് വാക്സിന്റെ മൂന്നാംഘട്ടത്തിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഇതിനിടെ റഷ്യയുടെ സ്പുട്നിക് വാക്സിൻ പരീക്ഷണഘട്ടങ്ങൾ കടന്ന് പ്രയോഗക്ഷമമായിക്കഴിഞ്ഞെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും അതിന്റെ ആധികാരികതയിൽ വൈദ്യലോകം സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. ആവശ്യമായത്ര സമയമെടുക്കാതെയാണ് പരീക്ഷണങ്ങൾ പൂർത്തിയാക്കിയത് എന്നതിനാലാണ് റഷ്യൻ വാക്സിൻ സ്വീകാര്യമല്ലാതെ വരുന്നത്. എന്നാൽ തങ്ങളുടെ കണ്ടുപിടിത്തത്തിൽ റഷ്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാൽ ആത്മവിശ്വാസം കൊണ്ടുമാത്രമായില്ലല്ലോ.
കൊവിഡിനെ തുരത്താനുള്ള വാക്സിൻ എത്താൻ കാത്തിരിക്കേണ്ടി വരുമെന്നതിനാൽ രോഗവ്യാപനം തടയാനുള്ള നടപടികൾ പൂർവാധികം ശക്തമായ നിലയിൽ തുടരേണ്ടതുണ്ട്. സുരക്ഷയും മുൻകരുതലും പരമാവധി ശക്തിപ്പെടുത്തുക മാത്രമാണ് രോഗവ്യാപനം ചെറുക്കാനുള്ള ഏക പോംവഴി. എന്നാൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രോഗം പെരുകുന്ന അനുഭവമാണുള്ളത്. സാമൂഹിക അകലം, മാസ്ക് ധാരണം എന്നീ രണ്ടു കാര്യങ്ങളിൽ നൂറു ശതമാനവും ശ്രദ്ധിച്ചാൽത്തന്നെ രോഗവ്യാപനം ഗണ്യമായി നിയന്ത്രിക്കാനാവുമെന്നാണ് വിദഗ്ദ്ധ മതം. എന്നാൽ എളുപ്പം സ്വീകരിക്കാവുന്ന ഈ കാര്യങ്ങളിൽ പോലും പലരും ശ്രദ്ധാലുക്കളല്ലെന്നാണ് കണ്ടുവരുന്നത്. ഏറ്റവും ഉയർന്ന സാക്ഷരതയുള്ള കേരളത്തിൽപ്പോലും ദിവസേന ആയിരക്കണക്കിനു പേരാണ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ പൊലീസ് പിടിയിലാകുന്നത്.
ഔഷധനിർമ്മാണ കമ്പനികളും വികസിത രാജ്യങ്ങളും വാക്സിന്റെ ലോകവിപണി പിടിച്ചടക്കാനുള്ള തീവ്രശ്രമം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു എന്നാണു സൂചന. വികസിത രാജ്യങ്ങളാണ് അവയുടെ പ്രധാന ഉന്നം. കൊവിഡ് ഭൂതത്തെ ലോകത്തേക്കു തുറന്നുവിട്ട ചൈന ഈ അവസരം പുതിയ ചങ്ങാതികളെ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ്. ഫിലിപ്പൈൻസ്, ബംഗ്ളാദേശ്, ഇൻഡോനേഷ്യ, പാകിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് സൗജന്യ നിരക്കിലോ സൗജന്യമായിത്തന്നെയോ വാക്സിൻ നൽകി അവയെ കൂടുതൽ വരുതിയിലാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ടത്രെ. കൊവിഡ് പ്രശ്നത്തിൽ ലോകത്തിനു മുമ്പിൽ പ്രതിയായി നിൽക്കേണ്ടിവന്നതിലെ ജാള്യത മാറ്റിയെടുക്കാനുള്ള അവസരമായും ചൈന ഇതിനെ കാണുകയാണ്. കൊവിഡ് വാക്സിൻ വിഷയത്തിൽ ലോക രാജ്യങ്ങൾക്ക് മാർഗദർശനം നൽകേണ്ട ലോകാരോഗ്യ സംഘടന ഏതാണ്ട് നിർജീവാവസ്ഥയിലാണ്.
ചൈനീസ് പക്ഷപാതിത്വം ആരോപിച്ച് അമേരിക്ക സംഘടനയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. വാക്സിൻ ഗവേഷണ - പരീക്ഷണങ്ങൾക്ക് പൊതുവായ നേതൃത്വം നൽകാൻ സംഘടനയ്ക്കു കഴിയുന്നുമില്ല. ദരിദ്ര രാജ്യങ്ങളാകും ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്നത്.