പൊന്നാനി: ചിത്രകാരനും ശിൽപ്പിയുമായ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ചൊവ്വാഴ്ച്ച 95ാം പിറന്നാളായിരുന്നു. കൊവിഡ് പ്രതിസന്ധികളെ തുടർന്ന് മക്കളും ചെറുമക്കളും ഏതാനും ചില ബന്ധുക്കളും ചേർന്ന വളരെ ലളിതമായ പിറന്നാൾ ആഘോഷമാണ് ഒരുക്കിയിരുന്നത്. എന്നാൽ മാദ്ധ്യമങ്ങളിലൂടെ പിറന്നാൾ ദിനം അറിഞ്ഞ് എടപ്പാൾ നടുവട്ടത്തെ കരുവാട്ട് മനയിലെത്തിയ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ആഘോഷ പരിപാടികളിൽ പങ്കുകൊണ്ടു. ബൊക്ക നൽകിയശേഷം പൊന്നാടയണിച്ചാണ് സ്പീക്കർ പിറന്നാൾ ആശംസനേർന്നത്. തുടർന്ന് സ്പീക്കർ കേക്ക് മുറിച്ച് പിറന്നാൾ മധുരം നൽകി.
1925 സെപ്തംബർ 15 നാണ് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും മകനായി കെ.എം. വാസുദേവൻ നമ്പൂതിരി ജനിച്ചത്. വരകളിലൂടെ ആർട്ടിസ്റ്റ് നമ്പൂതിരി എന്നപേര് കലാ ഹൃദയങ്ങളിൽ കോറിയിട്ടു. കെ.സി.എസ്.പണിക്കർ, റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ മദ്രാസ് ഫൈൻ ആർട്സ്കോളജിൽ നിന്ന് ചിത്രകല അഭ്യസിച്ച നമ്പൂതിരി 1960ലാണ് രേഖാചിത്രകാരനായി ജീവിതമാരംഭിച്ചത്. പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം വരച്ചു. നമ്പൂതിരിച്ചിത്രങ്ങൾ എന്ന ശൈലി തന്നെ പ്രശസ്തമായി മാറി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കഥാപാത്രത്തിന്റെ രൂപസവിശേഷതകൾ അറിഞ്ഞ ഭാവങ്ങൾ നിറഞ്ഞവയാണ്.
എം.ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി.കെ.എൻ. കഥകൾക്കു വരച്ച രേഖാചിത്രങ്ങൾ എന്നിവ പ്രസിദ്ധമാണ്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടറായിരുന്നു. കാഞ്ചനസീതയിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പന ശ്രദ്ധേയമായിരുന്നു. മൃണാളിനിയാണ് ഭാര്യ. പരമേശ്വരൻ, വാസുദേവൻ എന്നിവർ മക്കളാണ്. 2003ലെ രാജാ രവിവർമ്മ പുരസ്കാരം അടക്കം നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
ചിത്രങ്ങൾ നിളാ മ്യൂസിയത്തിലേക്ക്
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സ്വാതന്ത്രസമരം വിഷയമാക്കിയ ചിത്രങ്ങൾ പൊന്നാനി നിളാ പൈതൃക മ്യൂസിയത്തിലേക്ക്. സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അഭ്യർത്ഥന മാനിച്ചാണ് ചിത്രങ്ങൾ നിളാ പൈതൃക മ്യൂസിയത്തിന് കൈമാറുന്നത്. ഗ്യാലറിയിൽ പ്രത്യേക പവലിയൻ ഒരുക്കിയാണ് ആർട്ടിസ്റ്റ് നമ്പൂരിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുക. വർഷങ്ങൾക്ക് മുമ്പ് സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി വരച്ച ചിത്രങ്ങളാണ് നിളാ പൈതൃക മ്യൂസിയത്തിലേക്ക് കൈമാറുക. ചിത്രങ്ങൾ സ്പീക്കർക്ക് കാണിച്ചു കൊടുക്കുകയും ഓരോന്നിനെ കുറിച്ചു ആർട്ടിസ്റ്റ് നമ്പൂതിരി സ്പീക്കർക്ക് വിശദീകരിച്ചു നൽകുകയും ചെയ്തു.