SignIn
Kerala Kaumudi Online
Sunday, 20 September 2020 2.30 PM IST

വസ്ത്രമില്ലാതെ ചാണകത്തിൽ കുളിച്ച് ഉമ്മൻചാണ്ടി; അന്ന് സംഭവിച്ചത് ഇതാണ്...

ommanchandy

അന്നും ഇന്നും എന്നും ഉമ്മൻചാണ്ടി കോട്ടയത്ത് എത്തിയാൽ നെല്ലിക്കക്കുട്ട മറിച്ചിട്ടത് പോലെയാണ് ആളൊത്തുകൂടുക. അൻപതു വർഷത്തെ നിയമസഭാ ജീവിതം മാത്രമല്ല, ഉമ്മൻചാണ്ടിക്കാലത്തിന്റെ അഞ്ഞൂറു വർഷത്തെ ഓർമ്മകൾ പറയാനുണ്ട് കോൺഗ്രസ് നേതാവായ എം.ജി ശശിധരന്. കോട്ടയം നഗരത്തിലെ നഗരസഭ റെസ്റ്റ് ഹൗസിലെ കാപ്പികുടി മുതൽ നഗരമധ്യത്തിലെ ലോഡ്ജിലെ ഉറക്കം വരെയുണ്ട് ശശിധരന് അന്നും ഇന്നും ഓർത്തെടുക്കാൻ. വിദ്യാർത്ഥി നേതാവിൽ നിന്നും മുഖ്യമന്ത്രിവരെയായി വളർന്നിട്ടും അന്നത്തെ കുഞ്ഞൂഞ്ഞിന് ഇന്നും യാതൊരു മാറ്റവുമില്ലെന്നും ശശിധരൻ ഓർത്തെടുക്കുന്നു.

ആദ്യം കണ്ടതെങ്ങനോർക്കും


ഉമ്മൻചാണ്ടിയെ ആദ്യം കണ്ടത് എന്നാണ്. ഈ ചോദ്യം ചോദിച്ചാൽ എം.ജി ശശിധരന് ഓർത്തെടുക്കുക അൽപം പാടായിരിക്കും. അത്രത്തോളം ഉമ്മൻചാണ്ടിയെന്ന നേതാവുമായി ഇഴുകിച്ചേർന്നിരിക്കുന്ന കോട്ടയത്തിന്റെ പ്രിയപ്പെട്ട അച്ചാച്ചി. ഉമ്മൻചാണ്ടിയോടൊപ്പം എന്നും ആൾക്കൂട്ടമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

റെസ്റ്റ് ഹൗസിലെമൂന്നാം നമ്പർ മുറി


കോട്ടയം നഗരത്തിൽ ഇപ്പോഴത്തെ പഴയ ബോട്ട് ജെട്ടിയ്ക്കു സമീപത്തെ റെസ്റ്റ് ഹൗസായിരുന്നു അന്ന് ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസിലെ യുവ തുർക്കികളുടെ താവളം. ഇവിടുത്തെ മൂന്നാം നമ്പർ മുറി കോട്ടയത്തെ ഇന്നത്തെ മുതിർന്ന നേതാവ് കുര്യൻ ജോയിയുടെയായിരുന്നു. അന്ന് ഉമ്മൻചാണ്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്. ഉമ്മൻചാണ്ടി എത്തുമ്പോൾ ഒരു പട തന്നെ ഒപ്പമുണ്ടാകും.
ഈ റെസ്റ്റ് ഹൗസിനു സമീപത്തു തന്നെയുള്ള ബോട്ട് ജെട്ടിയിൽ നിന്നാണ് കോട്ടയത്തു നിന്നുള്ള പത്രങ്ങളുടെ ആദ്യ എഡിഷൻ ആലപ്പുഴയിലേയ്ക്കു പുറപ്പെടുക. രാത്രി 12.30 വരെ ഉറങ്ങാതെ കാത്തിരുന്ന് പത്രം മുഴുവൻ വായിക്കുന്ന ഉമ്മൻചാണ്ടിയെന്ന യുവ നേതാവ് അന്നത്തെ കോൺഗ്രസ് പ്രവർത്തകർക്ക് കൗതുകമായിരുന്നു.

ആറു പേരുണ്ടെങ്കിലും നൂറു പേരുടെ ആവേശം


കെ.എസ്.യുക്കാലത്ത് പ്രകടനങ്ങളായിരുന്നു ഒരു ആവേശമെന്നു എം.ജി ശശിധരൻ ഓർമ്മിക്കുന്നു. കോട്ടയം നഗരത്തിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും കെ.എസ്.യു പ്രവർത്തകർ വിവിധ വിഷയങ്ങളിൽ പ്രകടനം നടത്തിയിരുന്നു. ആറു പേരുണ്ടെങ്കിലും നൂറു പേരുണ്ടെങ്കിലും ഒരു പോലെ ആവേശത്തോടെ നഗരത്തെ ഇളക്കിമറിച്ചാണ് പ്രകടനം നടത്തിയിരുന്നത്. ആ പ്രകടനങ്ങളുടെയെല്ലാം മുൻ നിരയിൽ ഉമ്മൻചാണ്ടിയുണ്ടായിരുന്നു.

കല്യാണ മരണവീടുകൾ അന്നും ഇന്നും വിടില്ല


കല്യാണവും മരണവീടുകളുമായിരുന്നു അന്നും ഇന്നും ഉമ്മൻചാണ്ടി കൃത്യമായി സന്ദർശനം നടത്തിയിരുന്നത്. എവിടെ പോയാലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ശീലം ഉമ്മൻചാണ്ടിയ്ക്ക് ഉണ്ടായിരുന്നില്ല. ഒരു പറ്റം പ്രവർത്തകർ എപ്പോഴും ഒപ്പമുണ്ടാകും. ഒരു രാത്രിയിൽ തിരുവനന്തപുരത്തു നിന്നും വളരെ വൈകിയാണ് കോട്ടയം നഗരത്തിൽ ഡി.സി.സി ഓഫിസിൽ ഉമ്മൻചാണ്ടി എത്തിയത്. പുലർച്ചെ മറ്റൊരു പരിപാടിയ്ക്കു പോകാനൊരുങ്ങിയിറങ്ങിയപ്പോഴാണ് ഷർട്ടിന്റെ കാര്യം ഓർമ്മിച്ചത്. ഒരൊറ്റ ഷർട്ട് മാത്രമാണ് അന്ന് കയ്യിലുണ്ടായിരുന്നത്. ഇതോടെ സഹപ്രവർത്തകന്റെ ഷർട്ട് വാങ്ങി ധരിച്ച ശേഷമാണ് ഉമ്മൻചാണ്ടി സ്ഥലം വിട്ടത്.


സി.ഐ.ടി.യുക്കാരന്റെ അടിയും വർഷങ്ങൾക്കു ശേഷമുള്ള മാപ്പും


ടി.ബി റോഡിലെ ലോഡ്ജിലായിരുന്നു അന്ന് കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മറ്റൊരു താവളം. രാത്രിയിൽ ലോഡ്ജിൽ അട്ടിയടുക്കിക്കിടക്കുകയാണ് പതിവ്. ഈ ലോഡ്ജിന്റെ വരാന്തയിൽ തന്നെയാണ് നഗരത്തിലെ ചുമട്ടുതൊഴിലാളികളും കിടക്കുന്നത്. ഒരു ദിവസം രാത്രിയിൽ ഉമ്മൻചാണ്ടി ലോഡ്ജിന്റെ വരാന്തയിലൂടെ നടന്നു വന്നു. വരാന്തയിൽ കിടന്നുറങ്ങുകയായിരുന്നു സി.ഐ.ടി.യു പ്രവർത്തകന്റെ ഉറക്കം തടസപ്പെടുത്താതെ ഇദ്ദേഹത്തെ കവച്ചു വച്ച് മുറിയിലേയ്ക്ക്. ഈ സമയം ഉണർന്നു വന്ന സി.ഐ.ടി.യു പ്രവർത്തകൻ പിടിച്ച പിടിയാലെ ഉമ്മൻചാണ്ടിയ്ക്ക് അടികൊടുത്തു. രാത്രിയിലുണ്ടായ സംഭവം ആരോടും പറഞ്ഞ് പ്രശ്‌നമാക്കാതെ ഉമ്മൻചാണ്ടി ശ്രദ്ധിച്ചു. രാത്രിയിൽ പോയി കിടന്നുറങ്ങുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് സഹപ്രവർത്തകർ ഉമ്മൻചാണ്ടിയ്ക്കു മർദനമേറ്റ വിവരം അറിഞ്ഞത്. ഉമ്മൻചാണ്ടിയെ മർദിച്ചയാളെ തിരിച്ചു തല്ലാൻ പ്രവർത്തകർ ചാടിയിറങ്ങിയെങ്കിലും, ഇദ്ദേഹം തന്നെ ഇടപെട്ട് ആവേശക്കമ്മറ്റിക്കാരെ തടഞ്ഞു നിർത്തുകയായിരുന്നു. വർഷങ്ങൾക്കു ശേഷം ഈ സി.ഐ.ടി.യു പ്രവർത്തകൻ അന്നത്തെ മർദനത്തിനു മാപ്പു പറയുകയും ചെയ്തു.

വസ്ത്രമില്ലാതെ ചാണകത്തിൽകുളിച്ച് ഉമ്മൻചാണ്ടി


കോൺഗ്രസ് പിളർന്ന് കേരള കോൺഗ്രസ് രൂപീകരിച്ച സമയം. കേരള കോൺഗ്രസിന്റെ ശക്തി ദുർഗമായ പാലാ സെന്റ് തോമസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിക്കാൻ അന്നത്തെ സംസ്ഥാന പ്രസിഡന്റ് ഉമ്മൻചാണ്ടി തീരുമാനിച്ചു. ഇന്നത്തെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും അന്നത്തെ കോൺഗ്രസ് നേതാവുമായ രാമൻ നായരെയും, ജോണിയെന്ന മറ്റൊരു നേതാവിനെയുമാണ് യൂണിറ്റ് രൂപീകരണം ഏൽപ്പിച്ചത്. സംഭവ ദിവസം തന്നെ ഇരുവരും മുങ്ങി. പിന്നെ പൊങ്ങിയത് തിരുവനന്തപുരത്താണ്. കഥയൊന്നുമറിയാതെ പാലായിൽ എത്തിയ ഉമ്മൻചാണ്ടിയെ കെ.എസ്.സിക്കാർ ചേർന്ന് ആക്രമിച്ചു. ചാണകത്തിൽ കുളിച്ചു നിന്ന ഉമ്മൻചാണ്ടിയുടെ വസ്ത്രങ്ങളും വലിച്ചു കീറി.

സ്‌കൂൾ യൂണിറ്റിലെത്തും ഇടഞ്ഞു വരുന്ന കൊമ്പനെയും മെരുക്കും


ഏതു മലമറിഞ്ഞു വരുന്ന ഉടക്കുകളും പുഷ്പം പോലെ പരിഹരിക്കാൻ ഉമ്മൻചാണ്ടിയ്ക്കു പ്രത്യേക കഴിവുണ്ടായിരുന്നതായി എം.ജി ശശിധരൻ പറയുന്നു. പാർട്ടിയ്ക്കുള്ളിലെയും പുറത്തെയും തർക്കങ്ങൾ പരിഹരിക്കുന്നതിനായി പലരും ഉമ്മൻചാണ്ടിയെ സമീപിക്കും. ഇത്തരത്തിൽ സമീപിക്കുന്നവരുമായി പലപ്പോഴും ചർച്ച രാത്രിയിലായിരിക്കും. രണ്ടു കൂട്ടരെയും പാർട്ടി ഓഫിസുകളിൽ വിളിച്ചിരുത്തും. ഇരുവരോടും പറഞ്ഞ സമയം കഴിഞ്ഞ് രണ്ടും മൂന്നും മണിക്കൂറുകൾക്കു ശേഷമാവും ഉമ്മൻചാണ്ടി സ്ഥലത്ത് എത്തുക. ഇതിനോടകം രണ്ടു കക്ഷികളും ഇരുന്ന് മടുത്തിട്ടുണ്ടാകും. ഈ സമയത്ത് എത്തുന്ന ഉമ്മൻചാണ്ടിയുടെ ഒറ്റ വാക്കിൽ തർക്കം തീരും.കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ സ്‌കൂൾ യൂണിറ്റുകളിൽ പോലും ഉമ്മൻചാണ്ടി സന്ദർശനം നടത്തി, പ്രാദേശിക നേതാക്കളെ പോലും അടുത്തു പരിചയപ്പെട്ടിരുന്നതായും എം.ജി ശശിധരൻ ഓർമ്മിക്കുന്നു.

ഇവരൊക്കെ അന്ന് ഒപ്പമുണ്ടായിരുന്നവർ


ഉമ്മൻചാണ്ടിയുടെ കൈപിടിച്ച് ഒപ്പമുണ്ടായിരുന്ന എം.ജി ശശിധരനൊപ്പം കോട്ടയം നഗരത്തിൽ നടന്നിരുന്ന ഒരു പറ്റം നേതാക്കളുണ്ട്. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ മത്സരിക്കും മുൻപു തന്നെ ഇവരുടെയെല്ലാം പ്രിയപ്പെട്ട കുഞ്ഞൂഞ്ഞായിരുന്നു ഉമ്മൻചാണ്ടി. അക്കാലത്ത് ഉമ്മൻചാണ്ടിയ്‌ക്കൊപ്പം ടി.ടി ജോയി , സി.ടി കുരുവിള, ഇട്ടിക്കുഞ്ഞ് , ജി.രാമൻ നായർ , ജേക്കബ് സ്റ്റീഫൻ , തമ്പാൻ തോമസ് , ഉഴവൂർ വിജയൻ , പാലാ ജോസഫ് , മോഹൻ ടി.ബാബു , എ.കെ സോമൻ , നന്തിയോട് ബഷീർ , ടി.പി മാത്യു , ടി.പി അച്ചൻകുഞ്ഞ് , കളപ്പുരയ്ക്കൽ ശ്രീധരൻ നായർ , എൻ.ജീവകുമാർ , സി.കെ ജീവൻ , ബോബൻ തോപ്പിൽ , സണ്ണി കല്ലൂർ , കെ.ആർ.ജി വാര്യർ , ടി.ജോസഫ് , പി.എ ജോസഫ് , ശശിധരൻ കണ്ടത്തിൽ , ജോഷി മാത്യു , ഷൗക്കത്ത് , എം.എ ജോൺ , കെ.എം ചുമ്മാർ , സീമംഗലം ശശി , വൈക്കം ബോസ് , സി.ടി കുരുവിള , സുകുമാരൻ മൂലക്കാട് , സാജൻ , എബ്രഹാം മാത്യു , പി.സി രാജു , വേണുഗോപാൽ , എം.ജെ ശിവദാസ്, ജി.ഗോപകുമാർ എന്നിവർ അടക്കമുള്ളവർ ഉമ്മൻചാണ്ടിയുടെ സന്തസ സഹചാരികളായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OOMMEN CHANDY BATHED IN DUNG WITHOUT CLOTHES
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.