ചങ്ങനാശേരി: കുറഞ്ഞ രൂപയ്ക്കുള്ള മുദ്രപത്രങ്ങൾക്ക് കടുത്ത ക്ഷാമം. ഇതുമൂലം അടിയന്തര ആവശ്യങ്ങൾക്ക് ജനം നെട്ടോട്ടമോടുകയാണ്. സർക്കാരിന്റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ, സർട്ടിഫിക്കറ്റുകൾ, വാടകക്കരാർ, വിദ്യാഭ്യാസ ആവശ്യങ്ങൾ, വിവിധ നിർമാണ കരാറുകൾ എന്നിവയ്ക്കാണ് ആളുകൾ മുദ്രപ്പത്രം തേടിയെത്തുന്നത്. എന്നാൽ മുദ്രപ്പത്രം തീർന്നുപോയെന്ന മറുപടിയാണ് വെണ്ടർമാർ നൽകുന്നത്.
എട്ടുമാസങ്ങൾക്ക് മുൻപ് മുദ്രപത്രങ്ങൾക്ക് ഇതുപോലെ ക്ഷാമം നേരിട്ടിരുന്നു.
10 രൂപയ്ക്കുള്ളതും 500 രൂപയ്ക്ക് മുകളിലുള്ളതുമായ പത്രങ്ങൾ കിട്ടാനുണ്ടെങ്കിലും കൂടുതലായി ഉപയോഗത്തിലുള്ള 20, 50, 100 പത്രങ്ങൾക്കാണ് ക്ഷാമം . നിലവിൽ 100 രൂപ പത്രം ആവശ്യമുള്ളവർക്ക് വെണ്ടർമാർ 10 രൂപ പത്രത്തിൽ 100 രൂപ സ്റ്റാമ്പ് ചെയ്ത് റീവാല്യുവേറ്റ് ചെയ്തു നല്കുകയാണ്. ഇങ്ങനെ ലഭിക്കുന്ന പത്രങ്ങൾ വിദേശരാജ്യങ്ങളിലേയ്ക്കുള്ള അഫിഡവിറ്റുകൾക്കും കോൺസലേറ്റുമായ ബന്ധപ്പെട്ട കരാറുകൾക്കും സ്വീകരിക്കുന്നില്ല. ഇത് വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് പോകുന്ന വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നു. മുക്തിയാർ ഉടമ്പടിയെയും മറ്റ് കരാറുകളെയും പ്രതികൂലമായും ബാധിക്കുന്നു. സ്വദേശത്ത് ചെയ്യുന്ന കരാറുകൾക്ക് ഇത് തടസ്സമല്ല.
സാധാരണക്കാരന് വാടകചീട്ട് തയ്യാറാക്കുന്നതിന് 100 രൂപ പത്രം മതിയെങ്കിൽ ഇപ്പോൾ 500 രൂപ പത്രം വാങ്ങി നൽകേണ്ട അവസ്ഥയാണ് . നെൽ കർഷകരും കർഷക സമിതികളും സർക്കാരുമായി എഗ്രിമെന്റ് വയ്ക്കുന്ന സമയമാണിപ്പോൾ. ഇതിന് 200 രൂപ പത്രം മതി. എന്നാൽ ലഭ്യതക്കുറവ് മൂലം 500 രൂപ പത്രത്തിലാണ് എഗ്രിമെന്റ് വയ്ക്കുന്നത്. ഇത് കർഷകരെയും ദുരിതത്തിലാക്കുന്നു.
ചെറിയ മുദ്രപ്പത്രങ്ങൾക്ക് സർക്കാർ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണ്. ഇതു പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണം.
നാരായണൻ നെൽകർഷകൻ,
തൃക്കൊടിത്താനം