കൊവിഡിന്റെ ഈ ദുഷിച്ച കാലത്തും ചതിയുടെയും വഞ്ചനയുടെയും കുറ്റകൃത്യങ്ങളുടെയും കണക്കുകളിൽ കുറവൊന്നുമില്ല. മനുഷ്യന്റെ പതിവ് ജീവിത രീതികളെയാകെ കൊവിഡ് മഹാമാരിമാറ്റിമറിച്ചെങ്കിലും ഇത്തരം അനിഷ്ട സംഭവങ്ങളുടെ വിവരവുമായാണ് ഓരോ ദിനവും പുലരുന്നത്. ഭാര്യയെ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഭർത്താവിന്റെ ക്രൂരതയുടെ ഞെട്ടലിൽ നിന്ന് മുക്തമാകും മുൻപാണ് പ്രണയത്തിന്റെ പേരിൽ സുന്ദരിയായൊരു യുവതിയുടെ ആത്മഹത്യയ്ക്കും മറ്റൊരു യുവാവിന്റെ ദുരൂഹമരണത്തിനും അടുത്തടുത്ത ദിനങ്ങളിൽ ജില്ല സാക്ഷ്യം വഹിച്ചത്.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹനിശ്ചയവും വളയിടീലും നടത്തി ഗർഭിണിയാക്കിയ ശേഷം യുവാവ് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവമാണ് ആദ്യത്തേത്. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ബന്ധുവായ സീരിയൽ നടിയടക്കം കൂടുതൽ പേർ പ്രതികളാകുമെന്നാണ് സൂചന.
ഇരവിപുരം വാളത്തുംഗലിൽ നിന്ന് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന റഹിം- നദീറ ദമ്പതികളുടെ മകൾ റംസി (24)യെ സെപ്തംബർ മൂന്നിന് വൈകിട്ട് മൂന്ന് മണിയോടെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ നഗർ 155, കിട്ടന്റഴികത്ത് വീട്ടിൽ ഹാരിഷ് മുഹമ്മദ് (24) ആണ് അറസ്റ്റിലായത്. എട്ടുവർഷമായി ഹാരിഷും റംസിയുമായി പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ 2019 ജൂലായിൽ വിവാഹം നിശ്ചയിച്ച് വളയിടൽ നടത്തി. ഇതിനു ശേഷം യുവാവ് വീട്ടിലെത്തി റംസിയെയും കൂട്ടി പുറത്ത് പോകുന്നത് പതിവായി. ഹാരിഷിന്റെ സഹോദര ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദും പലപ്പോഴും യുവതിയെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്നത്.
മത്സ്യവ്യാപാരിയായ റഹിമിൽ നിന്ന്, ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പലപ്പോഴും ഹാരിഷ് സ്വർണവും പണവും വാങ്ങുമായിരുന്നു.
ഗർഭിണിയായ റംസിയെ എറണാകുളത്ത് കൊണ്ടുപോയി ഗർഭച്ഛിദ്രം നടത്തി. ഇതിനു ശേഷം വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി ഹാരിഷ് റംസിയെ അറിയിക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് റംസി ജീവനൊടുക്കിയത്. മരിക്കും മുമ്പ് റംസി ഹാരിഷുമായും അയാളുടെ മാതാവുമായും നടത്തിയ ഫോൺ സംഭാഷണമാണ് കേസിലെ തെളിവായി മാറിയത്. താൻ ജീവനൊടുക്കുമെന്ന് പറയുന്നതിനോട് ഹാരിഷും മാതാവും പുച്ഛത്തോടെ പ്രതികരിക്കുന്ന ഫോൺ സംഭാഷണം സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചു. റംസിയെ വഞ്ചിച്ച് മരണത്തിലേക്ക് തള്ളിവിട്ട ഹാരിഷിനെയും മാതാവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ നടന്ന കാമ്പെയിനിൽ ഒറ്റദിവസം കൊണ്ട് ആയിരങ്ങളാണ് അണിചേർന്നത്. വിഷയം ഏറ്റെടുത്ത് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തതോടെയാണ് കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഹാരിഷിനെ അറസ്റ്റ് ചെയ്തു.
അറസ്റ്റ് ഭയന്ന് മാതാവ് ആരിഫ, സഹോദര ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദ് എന്നിവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. കൊല്ലം ജില്ലാ സെഷൻസ് കോടതി ഇരുവരുടെയും ജാമ്യാപേക്ഷകൾ 23 ന് പരിഗണിക്കും. ലക്ഷ്മിയെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചിരുന്നു. ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചെങ്കിലും തുടരന്വേഷണം ഉണ്ടായില്ലെന്ന ആരോപണമുയരുന്ന സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനും കോടതിയെ സമീപിക്കാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
ഗർഭച്ഛിദ്രം നടത്താൻ വ്യാജരേഖ
വിവാഹം കഴിഞ്ഞതായി കൃത്രിമ രേഖയുണ്ടാക്കിയാണ് റംസിയെ എറണാകുളത്തെ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭച്ഛിദ്രം നടത്തിയത്. ജമാഅത്ത് പള്ളിയുടെ വ്യാജരേഖയാണുപയോഗിച്ചത്. ഹാരിഷ് പലപ്പോഴായി റംസിയുടെ രക്ഷിതാക്കളിൽ നിന്ന് 15 പവന്റെ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കിയിരുന്നു. ഹാരിഷിനെയും മാതാപിതാക്കളെയും കൂടാതെ സഹോദരൻ, സീരിയൽ നടിയായ ഭാര്യ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്. റംസിയെ സഹോദരഭാര്യ ലക്ഷ്മി പ്രമോദ് സീരിയൽ ഷൂട്ടിംഗ് നടക്കുന്ന ലൊക്കേഷനുകളിൽ പലപ്പോഴും കൂട്ടിക്കൊണ്ടു പോകുമായിരുന്നു. സംഭവത്തിൽ വനിതാ കമ്മിഷനും കേസെടുത്തു.
കുളത്തൂപ്പുഴയിൽ കാമുകി റിമാന്റിൽ
കുളത്തൂപ്പുഴയിൽ കാമുകിയുടെ വീട്ടിൽ വച്ച് കാമുകൻ കൊല്ലപ്പെടുന്നത് സെപ്തംബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്. കുളത്തൂപ്പുഴ ആറ്റിനു കിഴക്ക് ടി.എസ് ഭവനിൽ പരേതനായ വേലുസ്വാമി- തുളസീഭായി ദമ്പതികളുടെ മകൻ ദിനേശി (25) നെ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്ക രശ്മിനിവാസിൽ രശ്മി (25)യുടെ വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായിരുന്ന രശ്മിയെ ദിനേശ് തന്റെ ഓട്ടോയിലാണ് സ്കൂളിൽ കൊണ്ടുപോയിരുന്നത്. ഈ പരിചയം ഇവരെ തമ്മിലടുപ്പിച്ചു. സംഭവദിവസം രശ്മിയുടെ മാതാവ് തൊഴിലുറപ്പ് ജോലിക്ക് പോയ സമയത്താണ് ദിനേശ് വീട്ടിലെത്തിയത്. രശ്മി ഫോണിൽ വിളിച്ച പ്രകാരം സുഹൃത്തിന്റെ ഓട്ടോയിലാണ് എത്തിയത്. സുഹൃത്ത് മടങ്ങിപ്പോയശേഷം രശ്മിയും ദിനേശും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും തുടർന്നുണ്ടായ പിടിവലിയ്ക്കിടെ രശ്മി ശക്തിയോടെ ദിനേശിനെ പിടിച്ചു തള്ളിയപ്പോൾ കട്ടിലിന്റെ കാലിൽ തലയടിച്ചുവീണ ദിനേശ് മരിച്ചെന്നാണ് പൊലീസ് പറയുന്നത്. കിടപ്പുമുറിയിൽ വീണ ദിനേശിനെ രശ്മി വലിച്ചിഴച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് രശ്മി തന്നെ വിവരം പരിസരവാസികളെ അറിയിക്കുകയായിരുന്നു. നേരത്തെ വിവാഹിതയായെങ്കിലും ബന്ധം വേർപെടുത്തിയതിനെ തുടർന്ന് രശ്മിയും മാതാവും മാത്രമായിരുന്നു വീട്ടിൽ താമസം .അയൽവാസിയായ മറ്റൊരാളുമായി രശ്മി പ്രണയത്തിലായിരുന്നുവെന്നും ഇതെച്ചൊല്ലിയുള്ള തർക്കമാണ് ദിനേശിന്റെ മരണത്തിൽ കലാശിച്ചതെന്നുമാണ് പറയപ്പെടുന്നത്.