SignIn
Kerala Kaumudi Online
Sunday, 27 September 2020 10.16 AM IST

നട്ടുച്ചയ്ക്ക് നടന്ന പരിപാടിയില്‍ എന്ത് രഹസ്യമാണ് ഉള്ളത്? അനിൽ അക്കരെയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മന്ത്രി എ.സി മൊയ്തീന്‍

minister

തിരുവനന്തപുരം: വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എ.സി മൊയ്തീന്‍. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്ന് മന്ത്രി പറഞ്ഞു. സെപ്തംബര്‍ ഒന്‍പതിന് ഉച്ചയ്ക്കാണ് മെഡിക്കല്‍ കോളേജില്‍ പരിപാടിയില്‍ പങ്കെടുത്തത്.

നട്ടുച്ചക്കുണ്ടായ പരിപാടിയില്‍ എന്ത് രഹസ്യമാണ് ഉള്ളതെന്നും മന്ത്രി ചോദിച്ചു. എം.എല്‍.എയുടെ പാര്‍ട്ടിയുടെ എന്‍.ജി.ഒ അസോസിയേഷന്‍ പ്രതിനിധിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതിനിടയ്ക്ക് എന്ത് രഹസ്യം സാധ്യമാവാനാണ്? യു.ഡി.എഫുകാര്‍ തുടര്‍ച്ചയായി കളവ് പ്രചരിപ്പിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ പ്രതികരിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതുമായി ബന്ധപെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വടക്കാഞ്ചേരി എം.എല്‍.എ. എനിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരു പരിപാടിയില്‍ രഹസ്യമായി ഞാന്‍ പോയി പങ്കെടുത്തു എന്നാണ് വാദം.


സെപ്തംബര്‍ 9 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ച തൃശ്ശൂര്‍ വടക്കേ സ്റ്റാന്‍ഡിന്റെയും പൂത്തോള്‍ റെയില്‍വേ മേല്‍പ്പാലത്തിന്റേയും പരിപാടികളില്‍ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് 12.15 മണിയോടെയാണ് ഞാന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പരിപാടിയിലേക്ക് എത്തിയത്. ഇത്തരത്തില്‍ നട്ടുച്ച നേരത്ത് പങ്കെടുത്ത പരിപാടിയാണ് 'രഹസ്യം' എന്ന ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. പക്ഷേ, ആരോപണമുന്നയിച്ചയാള്‍ രാത്രി 9 മണിക്കു ശേഷം പ്രത്യേകിച്ച് പരിപാടികളൊന്നുമില്ലാതെ മെഡിക്കല്‍ കോളേജില്‍ എത്തുന്നതും ഗോപ്യമായി കാര്യങ്ങള്‍ നിര്‍വ്വഹിച്ചു മടങ്ങുന്നതും 'രഹസ്യം' അല്ല താനും.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ഐസലേഷന്‍ എമര്‍ജന്‍സി ഐ.സി.യുവിന്റെ ഉദ്ഘാടനവും കിടപ്പ് രോഗികള്‍ക്ക് കിടക്കയ്ക്കരികില്‍ പൈപ്പുകള്‍ വഴി ആവശ്യത്തിന് ഓക്‌സിജന്‍ ഉറപ്പാക്കുന്ന 'പ്രാണ എയര്‍ ഫോര്‍ കെയര്‍ 'പദ്ധതിയില്‍ അംഗങ്ങളായ സ്‌പോണ്‍സേര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവുമായിരുന്നു പരിപാടി. കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിനടുത്തുള്ള മുറിയില്‍ ഇരുപതോളം ആളുകള്‍ പങ്കെടുത്തതായിരുന്നു പരിപാടി. ഇതു സംബന്ധിച്ച വാര്‍ത്ത പ്രമുഖ പത്രങ്ങളിലെല്ലാം വന്നിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ ഇഷ്ടം പോലെ ലഭ്യമാണ്. 'രഹസ്യ' പരിപാടിക്കാണല്ലോ ഈ 'പരസ്യ' ചിത്രങ്ങള്‍!


ഈ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഷാനവാസ് ഐ.എ.എസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ആന്‍ഡ്രൂസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ബിജു കൃഷ്ണന്‍, പ്രാണ പദ്ധതിയുടെ സ്‌പോണ്‍സര്‍മാരായ മുത്തൂറ്റ് ഗ്രൂപ്പിന്റേയും റോട്ടറി ക്ലബ്ബിന്റേയും പ്രതിനിധികള്‍, പദ്ധതിക്കായി സഹായം നല്‍കിയ കോവിഡ് മുക്തനായ രോഗി ഉള്‍പ്പെടെയുള്ളവര്‍ ആദ്യാവസാനക്കാരായി എനിക്കൊപ്പമുണ്ടായിരുന്നു. ഇതൊന്നും മതിയാവില്ലെങ്കില്‍ കെട്ടുകഥകള്‍ പുലമ്പുന്നയാളുടെ പാര്‍ട്ടിയുടെ പോഷക സംഘടനയായ എന്‍.ജി.ഒ. അസോസിയേഷന്‍ നേതാവ് നാരായണനും സന്നിഹിതനായിരുന്നു. ഇവരുടെയൊക്കെ സാന്നിദ്ധ്യത്തില്‍ എന്തു 'രഹസ്യം' ആണ് സാദ്ധ്യമാവുക എന്ന് ജനങ്ങള്‍ക്കു നന്നായി മനസ്സിലാവും. വായില്‍ തോന്നിയതൊക്കെ വിളിച്ചു കൂവും മുമ്പ് അവിടെയുണ്ടായിരുന്ന അസോസിയേഷന്റെ നേതാവിനോടെങ്കിലും സത്യാവസ്ഥ തിരക്കേണ്ടതല്ലേ?

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ക്ഷണിച്ചതനുസരിച്ചാണ് ഞാന്‍ പരിപാടിയില്‍ പങ്കെടുത്തത്. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത, പത്രമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ ഒരു പൊതുപരിപാടിയാണോ രാത്രി 9 മണിക്ക് ശേഷം പരിപാടികളില്ലാതെ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നതാണോ 'രഹസ്യം'? മെഡിക്കല്‍ കോളേജിലേക്ക് വരുന്നവരെയും പോകുന്നവരെയും നോക്കാനും അനാവശ്യമായ സന്ദര്‍ശകര്‍ ഉണ്ടെകില്‍ ഒഴിവാക്കാനും ഒരു എം.എല്‍.എ. രാത്രി പോയി നിര്‍ദ്ദേശം നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്ന ആശുപത്രിയേയും ജില്ലാ ഭരണകൂടത്തേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും താറടിച്ച് കാണിക്കുന്നതും അതിനൊക്കെ നേതൃത്വം നല്‍കാന്‍ ഉത്തരവാദിത്വമുള്ള ഒരു എം.എല്‍.എയ്ക്ക് യോജിച്ച പ്രവൃത്തിയാണോ? എന്‍.ഐ.എ. അന്വേഷണം നേരിടുന്ന പ്രതികളെ കാണാന്‍ ഒരു ജനപ്രതിനിധി അസമയത്ത് ആശുപത്രിയില്‍ പോയതിലൂടെ എന്താണ് പൊതുസമൂഹം മനസ്സിലാക്കേണ്ടത്? കോവിഡ് രോഗികള്‍ക്ക് ഉള്‍പ്പെടെ പ്രാണവായു നല്‍കാന്‍ ആവിഷ്‌കരിച്ച പ്രാണ പദ്ധതിയെ വക്രീകരിക്കാന്‍ എം.എല്‍.എ. തുനിഞ്ഞത് ശരിയോ? സ്വന്തം മണ്ഡലത്തിലെ പരിപാടിയിലേക്ക് ജനപ്രതിനിധിയെ ക്ഷണിക്കേണ്ടത് മന്ത്രിയുടെ ചുമതലയാണോ?

ഒരു അട്ടിമറി ശ്രമത്തിന്റെ ഭാഗമായാണോ അസമയത്ത് ജനപ്രതിനിധി ആശുപത്രിയിലെത്തിയത്? സ്വര്‍ണ്ണക്കടത്ത് അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങുന്നതറിഞ്ഞതിനെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെടുകയും നെഞ്ചിടിപ്പു കൂടുകയും ചെയ്തതിന്റെ ഫലമായി എന്തും ചെയ്യുന്ന അവസ്ഥയിലാണല്ലോ യു.ഡി.എഫുകാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പ്രമാദമായ കേസ് അട്ടിമറിക്കാന്‍ ഇപ്പോള്‍ എം.പിയായിരിക്കുന്ന ആള്‍ ഉള്‍പ്പെടെ അന്നു നടത്തിയ ഫോണ്‍ കോളുകള്‍ ചാനലുകളിലൂടെ നമ്മളെല്ലാം കേട്ടതാണല്ലോ. തുടര്‍ച്ചയായി കളവ് പ്രചരിപ്പിക്കുന്ന ഈ ജനപ്രതിനിധി ജനങ്ങളുടെ എന്ത് താല്‍പര്യമാണ് സംരക്ഷിക്കുന്നത്. നാടിനപമാനമായ ഇത്തരം ചെയ്തികളെ അപലപിക്കുകയല്ലാതെ എന്തു ചെയ്യാന്‍?

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FACEBOOK POST, AC MOIDEEN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.