കണ്ണൂർ: വികസന ചരിത്രത്തിൽ നാഴികക്കല്ലായി മാറാവുന്ന അഴീക്കൽ തുറമുഖത്തോട് മുഖം തിരിച്ച് അധികൃതർ. ആറു പതിറ്റാണ്ടായിട്ടും തുറമുഖ വികസനം പാതിവഴിയിൽ നങ്കൂരമിട്ടിരിക്കയാണ്. തുറമുഖത്തിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും കരക്കടുത്തില്ല. പ്രഖ്യാപിക്കുന്ന പദ്ധതികളാകട്ടെ കടലിൽ കല്ലിട്ട പോലെയും.
ചരക്കു കപ്പലുകൾ യഥേഷ്ടം വരികയും വ്യവസായ രംഗത്തു പുത്തൻ ഉണർവ് സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുമെന്ന സ്വപ്നമാണ് തുറമുഖ വികസനം പാതിവഴിയിലായതോടെ കടലെടുത്തത്. വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു അധികൃതർ പറയുന്നുണ്ടെങ്കിലും 2013 ന് ശേഷം ഇവിടെ എത്ര കപ്പൽ വന്നുവെന്നോ എത്ര ചരക്കുകൾ കയറ്റി, ഇറക്കിയെന്നോ പറയാൻ അധികൃതർക്ക് ആവുന്നില്ല.
30 കണ്ടെയ്നർ കയറ്റാൻ കഴിയുന്ന ഗ്ലോറിഫൈ ബാർജ് സ്ഥാപിക്കണമെന്ന നിർദേശം ഇനിയും ഇവിടെ നടപ്പിലായിട്ടില്ല.
അഴീക്കൽ തുറമുഖമെന്ന ആവശ്യത്തിന് 60 വർഷം പ്രായമുണ്ട്. 500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തണമെന്നും സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. റവന്യു വകുപ്പിന്റെ കൈയിലുള്ള 200 ഏക്കർ ഭൂമി തുറമുഖ വകുപ്പിന് കൈമാറണമെന്നും ലക്ഷദ്വീപ് അധികാരികളുടെ താല്പര്യ പ്രകാരമുള്ള ഗതാഗത സംവിധാനം ഉണ്ടാകണമെന്നും ആവശ്യം ഉയർന്നിട്ടും വർഷങ്ങളായി. കണ്ണൂരിൽ വിമാനത്താവളം യാഥാർത്ഥ്യമായതോടെ അഴീക്കൽ തുറമുഖത്തിന് പ്രാധാന്യമേറെയാണ്.
നടപ്പാക്കാത്ത പ്രഖ്യാപനങ്ങൾ
500 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്ന നിർദേശം
ക്രൂസെജ് ടെർമിനൽ
കപ്പൽച്ചാൽ ആഴം കൂട്ടാൻ ഡ്രഡ്ജിംഗ്
ഇറക്കുമതി,കയറ്റുമതി വർദ്ധിപ്പിക്കാൻ ട്രേഡ് മീറ്റ്
വാഗമണ്ഡലത്തു നിന്നും അഴീക്കൽ തുറമുഖത്തേക്ക് മലയോര ഹൈവേ വന്നാൽ മുഖച്ഛായ തന്നെ മാറുന്ന വികസനം യാഥാർഥ്യമാകും.
സി.ജയചന്ദ്രൻ, പ്രസിഡന്റ്, കേരള ചേംബർ
.