കണ്ണൂർ: ജില്ലയുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ട് തുടങ്ങിയ പഴശ്ശി സാഗർ മിനി ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. അഞ്ചു മാസത്തിനുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു.
കനത്തമഴ മാറിയതോടെ പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ട്. പ്രതിവർഷം ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസമാണ് ഇവിടെ നിന്ന് ഉത്പാദനം പ്രതീക്ഷിക്കുന്നത്. 25.26 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. പുഴയുടെ സമീപമുള്ള കരിങ്കൽ പാറക്കെട്ട് സ്ഫോടക വസ്തുക്കളുപയോഗിച്ച് പൊട്ടിച്ചു തുരങ്കമുണ്ടാക്കുന്ന പദ്ധതി ഏതാണ്ട് പൂർത്തിയായി. പഴശ്ശി അണക്കെട്ടിൽ ശേഖരിച്ചു നിർത്തുന്ന വെള്ളം ടണലിലൂടെ കടത്തിവിട്ട് വൈദ്യുതി ഉത്പാദിക്കുന്നതാണ് പദ്ധതി. പഴശ്ശി ജലസംഭരണ പദ്ധതിയിൽ നിന്നും 80 മീറ്റർ നീളത്തിൽ തുരങ്കമെടുത്ത് അവിടുന്ന് മൂന്ന് തുരങ്കം വഴി വെള്ളം പവർഹൗസിലെത്തിച്ചാണ് ജനറേറ്ററുകൾ പ്രവർത്തിക്കുക. 2.5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് ഉണ്ടാകുക.
പഴശ്ശി കുയിലൂർ റോഡിന് കുറുകെയാണ് തുരങ്കം നിർമ്മിച്ചത്. ബംഗളൂരു ആസ്ഥാനമായി നിർമിക്കുന്ന കമ്പനി സാദ്ധ്യതാപഠനം നടത്തിയാണ് അണക്കെട്ടിന് വിള്ളലുകൾ വരാത്ത വിധത്തിൽ സ്ഫോടനം നടത്തിയത്. എന്നാൽ സ്ഫോടനത്തിനിടെ സമീപ വീടുകൾക്ക് കേടുപാടുകൾ പറ്റിയത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുരങ്ക നിർമ്മാണത്തിന്റെ അന്തിമഘട്ട പ്രവൃത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്.
പഴശ്ശി പദ്ധതി
1979 ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ഉദ്ഘാടനം ചെയ്ത പഴശി ജലപദ്ധതി കാർഷികാവശ്യത്തിനായി ഉപയോഗിക്കാനാണ് നിർമ്മിച്ചതെങ്കിലും ഉപകനാലുകളെല്ലാം മൂടിക്കഴിഞ്ഞതിനാൽ കാർഷികാവശ്യങ്ങൾക്ക് ഉപയുക്തമല്ലാതായി. പിന്നീട് ഇത് കുടിവെള്ള ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന പദ്ധതിയായി മാറുകയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി മഴക്കാലത്ത് പ്രളയത്തെ അതിജീവിക്കാനായി പഴശ്ശി ഡാമിൽ സംഭരിക്കുന്ന വെള്ളം ഷട്ടറുകൾ ഉയർത്തി പുറത്തേക്ക് വിടാറാണ് പതിവ്.
ചിലവ് 79.85 കോടി
സ്ഥാപിതശേഷി 7.5 മെഗാവാട്ട്
2.5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകൾ